2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

തോമസ് ഐസക് ദൈവത്തെ കണ്ടപ്പോള്‍!


പള്ളിയെയും പട്ടക്കാരനെയും വിശ്വസിക്കാത്ത തോമസ് ഐസക് സാറ് ഇന്നലെയാണ് ജീവിതത്തിലാദ്യമായി ദൈവത്തെ കണ്ടത്. തിരുവനന്തപുരത്ത് മന്ത്രിമന്ദിരത്തിലിരിക്കുമ്പോഴാണ് ടിവിയില്‍ ദൈവം പ്രത്യക്ഷപ്പെട്ടത്. ഹൈക്കോടതിയുടെ കോമ്പൗണ്ടിനുള്ളില്‍ ഒരു കറുത്ത കാറില്‍ വന്നിറങ്ങി. കഷണ്ടി കയറിയ തലയും ഫ്രെയിമില്ലാത്ത കണ്ണടയും വെളുത്ത ഷര്‍ട്ടിന് മുകളില്‍ കറുത്ത ഗൗണും അണിഞ്ഞ ദൈവം. ആരാണിയാള്‍? ആദ്യം മനസ്സിലായില്ല.
പിന്നെ ആരോ പറഞ്ഞു കൊടുത്തു. ഇതാണ് സാര്‍ നമ്മുടെ ദൈവം. പേര് അഭിഷേക് മനു സിംഗ്‌വി.
മുഴുവന്‍ മനസിലാകാതെ മന്ത്രി വാപൊളിച്ചു.
അഭിഷേക് സിംഗ്‌വി? എവിടെയോ ഈ പേര് കേട്ടിട്ടുണ്ടല്ലോ?
കേട്ടത് കേരളത്തിലല്ല, അങ്ങ് ദല്‍ഹിയില്‍. കോണ്‍ഗ്രസ് തറവാട്ടില്‍. കോണ്‍ഗ്രസിന്റെ വക്താവാണ് സിംഗ്‌വി.
ഓ! മനസ്സിലായി. ഇയാള്‍ക്ക് ഹൈക്കോടതിയിലെന്താ കാര്യം?
ലോട്ടറി വിഷയത്തില്‍ ഇനി നാറാന്‍ ബാക്കിയില്ലാത്ത നമ്മളെ രക്ഷിക്കാനായി വന്ന ദൈവമാണ് സാര്‍ സിംഗ്‌വി.
കേട്ടപാതി കേള്‍ക്കാത്ത പാതി, ഐസക് പാഞ്ഞു. സെക്രട്ടറിയേറ്റിലെ പിആര്‍ ചേമ്പറിലേക്ക്. അവിടെ നിന്നാണ് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്നന്നത്തെ അത്താഴത്തിനുള്ള വക കിട്ടുന്നത്.
ഐസക് വിളിച്ചു. പത്രക്കാര്‍ വിളികേട്ടു.
ലോട്ടറി വിഷയത്തില്‍ നിങ്ങള്‍ എന്നെ ക്രൂശിലേറ്റി. കണ്ടില്ലേ. കോണ്‍ഗ്രസ് വക്താവ് തന്നെ വന്നിരിക്കുന്നു എന്നെ രക്ഷിക്കാന്‍. എനിക്ക് മാത്രമല്ല കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ലോട്ടറി ഇടപാടില്‍ പങ്കുണ്ട്.
ഐസക് ഇതെല്ലാം പലവട്ടം പറഞ്ഞതാണെങ്കിലും സിംഗ്‌വി വന്നതിന്റെ ചൂടും ചൂരും അറിയിച്ചതോടെ പത്രക്കാരും ചിലതെല്ലാം വിശ്വസിച്ചു.
ശരിയാണ്! ഐസക് വെറും പാവം. ലോട്ടറിക്കളി ചില്ലറക്കളിയല്ല. മാഫിയാ ബന്ധത്തിന് കേരളമെന്നോ ദല്‍ഹിയെന്നോ വേര്‍തിരിവില്ലെന്ന് പത്രങ്ങളില്‍ മത്തങ്ങാ നിരന്നു.
യൂത്തന്മാര്‍ കരിങ്കൊടിയുമായി ഹൈക്കോടതിയിലെത്തിയതും സിംഗ്‌വി ഹൈക്കോടതിയുടെ പുറകിലത്തെ ഗെയിറ്റിലൂടെ മുങ്ങിയതുമെല്ലാമറിഞ്ഞ് ആദ്യം സതീശനും പിന്നെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം മാധ്യമങ്ങള്‍ക്ക് അന്നത്തേക്കുള്ള വിഭവങ്ങള്‍ വിളമ്പി.
അനുചിതം, കോണ്‍ഗ്രസ് വക്താവല്ലേ അയാള്‍, വന്നത് ഞങ്ങളെ നാറ്റിക്കാനല്ലേ? തുടങ്ങിയ ചോദ്യങ്ങളും ചില ഉത്തരങ്ങളും ദൃശ്യമാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ വിളമ്പി, പെട്ടുപോയ നാണക്കേടില്‍ നിന്ന് തലയൂരാന്‍ നോക്കി.

പതിവുപോലെ സൂര്യന്‍ പടിഞ്ഞാറ് തന്നെ അസ്തമിച്ചു. വീണ്ടും കിഴക്ക് ഉദിക്കും മുമ്പെ ഏകെജി സെന്ററില്‍ വട്ടമേശ സമ്മേളനം. ചര്‍ച്ചയുടെ അജണ്ട ഒന്നുമാത്രം. എങ്ങനെ 'സിംഗ്‌വി' യെ നമ്മുടേതാക്കാം. നാളെ നടത്തേണ്ട പത്രസമ്മേളനങ്ങള്‍, പ്രസ്താവനകള്‍ അങ്ങനെ പേനകള്‍ പലവിധം ചലിച്ചു.
ഇന്ദിരാഭവനിലാകട്ടെ, തലങ്ങും വിലങ്ങും ഫോണ്‍വിളി. കേന്ദ്രത്തിലുള്ള കേരള നേതാക്കളെ ആദ്യം വിളിച്ചു. പരിഭവം പറഞ്ഞു. ഹൈക്കമാന്റിനെ നേരിട്ടു കിട്ടണം. ഫോണ്‍ ഹോള്‍ഡ് ചെയ്തു. ഹൈക്കമാന്റിന് കണക്ട് ചെയ്യുന്നതിനിടെ ചെറുതും വലുതുമായ നേതാക്കള്‍ കെപിസിസിയുടെ പരാതി കേട്ടു.
പരാതി ഇങ്ങനെ നീണ്ടു: ഞങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. ഇപ്പോള്‍ മുന്നണിയിലേക്ക് പുതുതായി വന്നവന്മാരെല്ലാം കൂടി സീറ്റ് വേണമെന്നുള്ള ബഹളവുമായി ഒരുവശത്ത്. എങ്ങനെയെങ്കിലും പ്രശ്‌നം ഒതുക്കാമെന്ന് വിചാരിക്കുമ്പോഴാണ് ദേ വരുന്നു സിംഗ്‌വി ചെകുത്താന്റെ രൂപത്തില്‍. ഇയാള്‍ ഒരു കോണ്‍ഗ്രസുകാരനാണോ? ഇയാള്‍ക്ക് അറിയില്ലേ തെരഞ്ഞെടുപ്പില്‍ മറ്റവന്മാരെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന പോസ്്റ്ററുകള്‍. അതിലെല്ലാം ലോട്ടറി മാഫിയയില്‍ നിന്ന് വാങ്ങിയ കോടികള്‍ തലയിലേന്തി നില്‍ക്കുന്ന തോമസ് ഐസകിന്റെ കാരിക്കേച്ചറാണ്.
കെപിസിസിയുടെ പരാതി കേട്ടപ്പോള്‍ ദേശീയ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ മനസ്സലിഞ്ഞു. ഒടുവില്‍ പട്ടേല്‍ പറഞ്ഞു; ഇടപെടാം.
അടുത്തദിവസം സൂര്യനുദിച്ചു. തോമസ് ഐസക് പല്ലുതേച്ച് കൊച്ചിയിലെത്തി. പത്രക്കാരെ കണ്ടു. നിങ്ങള്‍ നേരിട്ടു കണ്ടതല്ലേ സിംഗ്‌വിയെ ഇനി ഞാനൊന്നും പറയേണ്ടല്ലോയെന്ന്, കാര്യങ്ങള്‍ പരത്തിപ്പറയാതെ രണ്ടുവരിയില്‍ പറഞ്ഞുനിര്‍ത്തി.
പിണറായി പറഞ്ഞു; ലോട്ടറി വിഷയത്തില്‍ ഹൈക്കമാന്റിനുള്ള ബന്ധമെന്തെന്ന് ഉമ്മന്‍ചാണ്ടി പറയണം. അതുമാത്രം പോര, ലോട്ടറി വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമരം നടത്തുന്നവര്‍ എഐസിസിക്ക് മുന്നിലേക്ക് സമരം മാറ്റണം.
പിന്നാലെ ജയരാജനും കോടിയേരിയും തങ്ങള്‍ക്കാവുന്ന വിധം പ്രതികരിച്ചു.
അപ്പോള്‍ കേള്‍ക്കുന്നു പുതിയ വാര്‍ത്ത; ഇന്നും സിംഗ്‌വി ഹൈക്കോടതിയിലെത്തി.
ഉമ്മന്‍ചാണ്ടിയും രമേശും ഇന്ദിരാഭവനിലെത്തുന്നതിന് മുമ്പു തന്നെ അഭിപ്രായം അറിയാന്‍ പത്രക്കാരെത്തി. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇരുവരും പറഞ്ഞെങ്കിലും, ആദ്യമായി ദൈവം പ്രത്യക്ഷപ്പെട്ടതിന്റെ ആഹ്ലാദം മറയ്ക്കാതെ തോമസ് ഐസക് പിന്നെയും പുലമ്പിക്കൊണ്ടിരുന്നു.
ഇതിനിടയില്‍ വോട്ടര്‍മാരെ കാണാനെത്തിയ സ്ഥാനാര്‍ത്ഥികളോട് ആരെല്ലാമോ ചോദിച്ചു. സാറന്മാരെ ഇതില്‍ ആരാണ് കള്ളന്‍? ലോട്ടറിക്കാരില്‍ നിന്ന് ആരാണ് കാശ് മേടിച്ചത്? ഞങ്ങള്‍ ആര്‍ക്ക് വോട്ടിടും സാറേ?
ഉത്തരം പറയാനില്ലാതെ ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഒരുവിധത്തില്‍ മുങ്ങി.
വൈകുന്നേരമായപ്പോഴേക്കും അയോധ്യ വിധി കേള്‍ക്കാന്‍ എല്ലാവരും ടിവിക്ക് മുന്നിലെത്തി. ദാ വരുന്നു വീണ്ടും സിംഗ്‌വിയുടെ മുഖം ചാനലില്‍. കോണ്‍ഗ്രസുകാര്‍ മുഖം പൊത്തി. പതുക്കെ പറഞ്ഞു: അശ്രീകരം.
ഐസക്കും കൂട്ടരും ഞെളിഞ്ഞിരുന്നു; സിംഗ്‌വി ദൈവത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍.
ചാനല്‍ റിപ്പോര്‍ട്ടര്‍ മൈക്ക് നീട്ടുന്നു.
സിംഗ്‌വി ആദ്യവാക്ക് ഉരുവിട്ടു; ഞാന്‍ ലോട്ടറി കേസില്‍ നിന്ന് പിന്മാറി.
കസേരയിലിരുന്ന ഐസക് പുറകോട്ടൊരു മറിച്ചില്‍. പിന്നെ ബോധം കെട്ടു. ആരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തെ കസേരയില്‍ എഴുന്നേല്‍പ്പിച്ചിരുത്തി. 'വെള്ളം, വെള്ളം' ഐസക് ആംഗ്യം കാട്ടി. തണുത്തവെള്ളം അല്‍പ്പം കുടിച്ച് ബാക്കി തലയിലൊഴിച്ചു.
അല്‍പ്പനേരം മൗനം, പിന്നെ ഐസക് അലറി വിളിച്ചു. 'അല്ലെങ്കിലും ഈ കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അത് സിംഗ്‌വിയായാലും ശരി.........