2010, ഡിസംബർ 15, ബുധനാഴ്‌ച

ഒരു തെരഞ്ഞെടുപ്പും 'റോഡുകളുടെ രാഷ്ട്രീയ'വും

രണ്ടാഴ്ച മുമ്പ് ഏകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു; ' തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേരിടേണ്ടിവന്ന കനത്ത തിരിച്ചടിക്ക് ഒരു കാരണം സംസ്ഥാനത്തെ തകര്‍ന്നു കിടക്കുന്ന റോഡുകളാണ്'. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയെടത്ത വോട്ടുകളുടെ കണക്കുകള്‍ അല്‍പ്പം അതിശയോക്തി കലര്‍ത്തിയണ് പിണറായി സഖാവ് പറഞ്ഞതെങ്കിലും ഈ പറഞ്ഞതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഒരു തെരഞ്ഞെടുപ്പില്‍ റോഡുകള്‍ക്കുള്ള 'റോള്‍' എന്തെന്ന് അങ്ങനെ സിപിഎമ്മിന് ബോധ്യപ്പെട്ടുവെന്നതില്‍ ആശ്വസിക്കാം.
പിജെ ജോസഫ്, ഇനി ഈ മുന്നണി തനിക്ക് വേണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ കസേരയില്‍ കയറിയിരുന്ന സാക്ഷാല്‍ തോമസ് ഐസക്ക് റോഡിന്റെ രാഷ്ട്രീയം നന്നായി പഠിച്ചയാളായിരുന്നു. അതുകൊണ്ടാണ് ചാര്‍ജ്ജെടുത്ത് രണ്ടാംപക്കം തന്നെ മന്ത്രി കേരളത്തിലെ റോഡുകളെല്ലാം നടന്നു കണ്ടു.പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ വന്‍ഗര്‍ത്തങ്ങള്‍ക്ക് അരികിലിരുന്നു സങ്കടപ്പെടുന്നത് ഒപ്പം കൊണ്ടുപോയ ദൃശ്യമാധ്യമങ്ങള്‍ ഒപ്പിയെടുത്ത് ചാനലുകളില്‍ കാണിച്ചു. ആദ്യമായി റോഡുകളിലെ കുഴികളുടെ എണ്ണമെടുത്ത സാമ്പത്തിക ശാസ്ത്ര മന്ത്രിയുടെ സങ്കടം കണ്ട് ജനങ്ങള്‍ കണ്ണീരൊഴുക്കി. അടുത്തമാസം അഞ്ചിനുള്ളില്‍ കേരളത്തിലെ റോഡുകള്‍ താജ്മഹല്‍ പണിത മാര്‍ബിളിനേക്കാള്‍ മനോഹരമാകുമെന്ന് മന്ത്രി അറിയിച്ചതോടെ ചാനലുകാര്‍ അവരുടെ അന്നത്തെ അന്നം തേടി മറ്റുവഴികളിലേക്ക് നീങ്ങി. മന്ത്രി പറഞ്ഞുവെച്ച അഞ്ചാം തീയതി കഴിഞ്ഞ ജൂലൈ അഞ്ചായിരുന്നുവെന്ന് പലരും മറന്നു.
ഐസക്കിനെ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ട പൊതുമരാമത്ത് കസേരയിലേക്ക് പിന്നെയെത്തിയത് മന്ത്രി വിജയകുമാറാണ്. അദ്ദേഹവും പല തീയതികളും പറഞ്ഞു. പക്ഷെ റോഡിലെ കുഴികളുടെ എണ്ണവും കുഴികളില്‍ വീണ് മരിക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചു. പരാതികള്‍ പലതെത്തിയെങ്കിലും റോഡല്ല കാര്യം വോട്ടാണെന്ന് വീമ്പിളക്കിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോള്‍ എന്തുണ്ടായെന്ന് ഓര്‍മ്മിപ്പിച്ച് വിപ്ലവപ്പാര്‍ട്ടിയുടെ മനസ്സമാധാനം കെടുത്തുന്നില്ല. അതല്ല പ്രശ്‌നം, ഇന്നലെ വീണ്ടും റോഡ് മന്ത്രി രംഗത്തെത്തി. വെണ്ണക്കല്‍ മനോഹരമായ റോഡുകളാണ് പുതുവര്‍ഷത്തില്‍ നിങ്ങളെ വരവേല്‍ക്കുകയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പല തീയതികളും കേട്ടുകഴിഞ്ഞ ജനം ഇനി ഇത് വിശ്വസിക്കുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്; ''കട്ട് ഓഫ് ഡേറ്റ് ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നുറപ്പാണ് ജനുവരിയില്‍ നിങ്ങള്‍ക്ക് ടാര്‍ ചെയ്ത്, കുഴികള്‍ നികത്തിയ സുന്ദരപാതയിലൂടെ സഞ്ചരിക്കാം''. ശരി, ഞങ്ങള്‍ അവിശ്വസിക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ നാലാഞ്ചിറയെന്ന പ്രദേശത്ത് ഒരു റോഡുണ്ടാക്കിയ ദുരന്തചിത്രം കേരളം കണ്ടതാണ്. അതുപോലും യഥാസമയം കാണാന്‍ കഴിയാതിരുന്ന മന്ത്രിയാണിത് പറയുന്നതെന്ന് തല്‍ക്കാലം ഞങ്ങള്‍ മറക്കാം.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ജനങ്ങളില്‍ അമര്‍ഷം ഉണ്ടാക്കിയെന്ന തിരിച്ചറിവിലായിരിക്കണം തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കരമന-കളിയിക്കാവിള റോഡ് നാലുവരി പാതയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. നല്ലകാര്യം, കുപ്പിക്കഴുത്തുപോലുള്ള ഈ റോഡിലൂടെ മണിക്കൂറുകളെടുത്താണ് ഈയുള്ളവനടക്കം ആയിരങ്ങള്‍ രാവിലെ ഓഫീസുകളിലും സ്‌കൂളുകളിലും എത്തുന്നത്. അതായത് രാവിലെ പത്തുമണിക്ക് ഓഫീസില്‍ എത്തേണ്ടയാല്‍ ഏഴുമണിക്കെങ്കിലും വീട്ടില്‍ നിന്ന് പുറപ്പെടണമെന്നര്‍ത്ഥം. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ശ്ലാഘിച്ചു. പെരുമഴയുള്ള ഒരു വൈകുന്നേരം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാപ്പനംകോടെത്തി റോഡുവികസനത്തിന് തറക്കല്ലുമിട്ടു. ഉദ്ഘാടന പ്രസംഗത്തില്‍ റോഡിന്റെ വികസനത്തെക്കുറിച്ച് മുഖ്യന്‍ പറഞ്ഞത് കേട്ട് ജനങ്ങള്‍ കോരിത്തരിച്ചു.
''കരമന-കളിയിക്കാവിള നാലു വരിപ്പാതയുടെ യഥാര്‍ഥ വീതി 21 മീറ്ററാകുമ്പോള്‍ പഴയ റോഡിനെക്കാള്‍ 12 മീറ്റര്‍ വീതി വര്‍ധിക്കും. പ്രധാന റോഡിനു 15 മീറ്ററും ചെറു വാഹനങ്ങള്‍ക്കു വേണ്ടി ആറു മീറ്ററും വീതിയിലാണു റോഡുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ നാഷണല്‍ ഹൈവെ റോഡിന്റെ ആകെ വീതി എട്ടു മീറ്റര്‍. പുതിയ റോഡിനു ആകെ 30.2 മീറ്റര്‍ വീതിയാണുണ്ടാവുക. പുതിയ റോഡിനു വേണ്ടി ഒരോ വശത്തു നിന്നായി 10.5മീറ്റര്‍ വീതം അക്വയര്‍ ചെയ്യേണ്ടതായി വരും. ഇതുകൂടാതെ ഫുട്പാത്തിന് അഞ്ചു മീറ്ററും യൂട്ടിലിറ്റി കോറിഡോറിനായി മൂന്നു മീറ്ററും അക്വയര്‍ ചെയ്യും. റോഡൊഴികെ മറ്റാവശ്യങ്ങള്‍ക്കായി നാലു മീറ്റര്‍ സ്ഥലവും ഒരോ വശങ്ങളില്‍ നിന്നു അക്വയര്‍ ചെയ്യും. ഇതു കൂടാതെ ചിലസ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ബസ് ബേകള്‍ക്കു കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടതായി വരും. റോഡിനു മധ്യത്തു 1.2 മീറ്റര്‍ സ്ഥലം മീഡിയനു വേണ്ടി മാറ്റും. രണ്ടു വശത്തും 7.5 മീറ്റര്‍ വീതിയില്‍ പ്രധാന റോഡ് ടാര്‍ ചെയ്യും. രണ്ടു വശത്തായി 15 മീറ്റര്‍ ടാര്‍ ചെയ്യും. ഇതു കൂടാതെ ചെറിയ വാഹനങ്ങള്‍ക്കു പോകാനായി രണ്ടു വശത്തും മൂന്നു മീറ്റര്‍ വീതം ആറു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. രണ്ടു വശത്തും നല്ല വീതിയോടു കൂടിയ ഫുട്പാത്തുകളായിരിക്കും ഉണ്ടാവുക. ഇതിനായി 2.5 മീറ്റര്‍ സ്ഥലം രണ്ടു വശത്തും ഉപയോഗിക്കും. രണ്ടു ഭാഗത്തുമായി 1.5 മീറ്റര്‍ സ്ഥലം െ്രെഡനെജിനും യൂട്ടിലിറ്റി കോറിഡോറിനും നീക്കി വയ്ക്കുന്നുണ്ട്. ഫുട്പാത്തിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ തണല്‍ മരങ്ങളും പൂന്തോട്ടങ്ങളും നിര്‍മിക്കുന്നുണ്ട്'' -ഇതുകേട്ടിട്ട് ജനങ്ങള്‍ കയ്യടിച്ചില്ലെങ്കിലേയുള്ളൂ. ഇത്രയും ദീര്‍ഘദൃഷ്ടിയോടെ റോഡ് നിര്‍മ്മിക്കുന്ന ആദ്യസര്‍ക്കാരായിരിക്കുമിതെന്ന് ജനങ്ങള്‍ വിധിയെഴുതി. അഭിവാദ്യമര്‍പ്പിച്ച് ഫഌക്‌സുകളും ബാനറുകളും റോഡിന് ഇരുവശവും നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ റോഡിന് ഇരുവശവും അളന്ന് തിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങളും തുടങ്ങി. രണ്ടേ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കേള്‍ക്കാം. കരമന-കളിയിക്കാവിള റോഡിന്റെ വികസനം നിര്‍ത്തിവെച്ചു. ആരാണ് നിര്‍ത്തിവെച്ചത്? ജനങ്ങള്‍ പരസ്പരം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്രെ. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. റോഡിന് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പുമായി രംഗത്തുവന്നാല്‍ ഉള്ള വോട്ടുകൂടി പോകും. തല്‍ക്കാലം വികസനം നിര്‍ത്തിവെയ്ക്കുന്നതാണ് ബുദ്ധിയെന്ന് മുഖ്യമന്ത്രിക്ക് വിദഗ്‌ധോപദേശം കിട്ടിയത്രെ.
സംസ്ഥാനത്തെ മുഴുവന്‍ കുഴികളെയും റോഡ് എന്ന മേല്‍വിലാസത്തിലേക്കു വീണ്ടെടുക്കാന്‍ ഇന്നലെയും പ്രതിജ്ഞയെടുത്ത പൊതുമരാമത്ത് മന്ത്രിക്ക് നന്ദി. ആറുമാസവും അതിലേറെയും കാലവര്‍ഷം ആടിത്തിമിര്‍ക്കുന്ന നാട്ടില്‍ പൊതുമരാമത്തു വകുപ്പ് എന്ന പൊതുനിരത്തു കൊള്ള സംഘത്തിന് സര്‍വവും കട്ടുമുടിക്കാന്‍ പാകത്തിലാവരുത് ഇക്കുറി റോഡ് വികസനം എന്നൊരു അപേക്ഷയുണ്ട്. അടച്ച കുഴികളുടെ അടപ്പ് നാലാംപക്കം തെറിക്കുന്ന നാണംകെട്ട മരാമത്താവില്ല ഈ പുനര്‍നിര്‍മാണ യജ്ഞം എന്നും ഉറപ്പു വരുത്തണം അധികാരികള്‍. റോഡ് നിര്‍മാണത്തിനു നൂറു രൂപ വകയിരുത്തിയാല്‍ അതില്‍ മുപ്പതു രൂപയേ മണ്ണില്‍ മുടക്കുന്നുള്ളൂ എന്നത് ഇവിടെ നാട്ടുനടപ്പുള്ള കണക്ക്. ബാക്കി എഴുപതു രൂപ കോഴപ്പണമായും കോഴി ബിരിയാണിയായും കമ്മിഷനായും കട്ടുവാരലായും മുടിപ്പിക്കുന്നുണ്ട് ഇവിടത്തെ പൊതുമരാമത്തു കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കൊള്ള സംഘം. ഈ പകല്‍ക്കൊള്ള സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള ദൃഢനിശ്ചയവും, അതിനുള്ള വിജിലന്‍സ് സംവിധാനവുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനു ശേഷം മതി ലോഡിറക്കുന്നതും ടാര്‍ ഉരുക്കുന്നതും റോളര്‍ ഉരുട്ടുന്നതുമെല്ലാം. കള്ളന്മാരെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി വേണം റോഡു നിര്‍മാണ വേല എന്ന യജ്ഞം സമാരംഭിക്കാന്‍. ഇല്ലെങ്കില്‍ ഇട്ട റോഡ് പൊളിഞ്ഞതിന് ഇരട്ടിശാപം വീഴും അടുത്ത തവണ ഇടതിന്റെ വോട്ടു പെട്ടിയില്‍. കോണ്‍ക്രീറ്റ് റോഡ് എന്ന പദ്ധതിയെ പൊതുമരാമത്തു കൊള്ളക്കാര്‍ പിറവിയിലേ കൊക്കു മുരുക്കുന്നില്ല എന്നും ജാഗ്രത വേണമെന്ന് ജനങ്ങള്‍ രഹസ്യമായും പരസ്യമായും ആവശ്യപ്പെടുന്നുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇടതുമുന്നണി കണ്‍വീനര്‍ക്കും സിപിഎം സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരസ്പരം പറയാം; റോഡ് വീണ്ടും നമ്മളെ ചതിച്ചെടോ!.

2010, ഡിസംബർ 9, വ്യാഴാഴ്‌ച

അത്യാഗ്രഹി ആഗ്രഹിക്കുന്ന വരം അഥവാ നിയമനത്തട്ടിപ്പ്

പണ്ട് പ്രൈമറി ക്ലാസുകളില്‍ പഠിച്ച ഒരു കഥയുണ്ട്. അത്യാഗ്രഹിയും അസൂയക്കാരനും. ഇരുവരും ചങ്ങാതിമാരാണ്. അസൂയക്കാരന് എന്തുകിട്ടിയാലും അതിനേക്കാള്‍ കൂടുതല്‍ തനിക്ക് കിട്ടണമെന്നതാണ് അത്യാഗ്രഹിയുടെ നിലപാട്. അസൂയക്കാരനാകട്ടെ, തന്നേക്കാള്‍ കൂടുതലെന്തെങ്കിലും അത്യാഗ്രഹിക്ക് കിട്ടുന്നത് സഹിക്കാനാവില്ല. ഒരിക്കല്‍ ഇവര്‍ക്ക് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവം അത്യാഗ്രഹിയോട് പറഞ്ഞു; എന്തുവരം ചോദിച്ചാലും നല്‍കാം, പക്ഷെ നിനക്ക് കിട്ടുന്നതിന്റെ ഇരട്ടി ഞാന്‍ മറ്റേയാള്‍ക്ക് നല്‍കും. ഇതുകേട്ട് അസൂയക്കാരന്‍ സന്തോഷിച്ചു. അത്യാഗ്രഹി എന്ത് ആവശ്യപ്പെട്ടാലും അതിന്റെ ഇരട്ടി തനിക്ക് കിട്ടുമല്ലോ. അത്യാഗ്രഹി അല്‍പ്പനേരം ആലോചിച്ചു, എന്നിട്ടു പറഞ്ഞു; എന്റെ ഒരു കണ്ണിന്റെ കാഴ്ച നശിച്ചു പോകട്ടെ!. പിന്നെ നടന്നത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വയനാട്ടിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും ഇതുപോലെയൊരു വരമാണ്. തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സിപിഎമ്മിന് കിട്ടുന്ന ഒരു വരം വേണം. നിയമനത്തട്ടിപ്പിന്റെ ചുരുളഴിയുമ്പോള്‍ സിപിഐ നേതാക്കള്‍ ഓരോരുത്തരായി പ്രതിക്കൂട്ടിലാകുന്നു. ആദ്യം ജോയിന്റ് കൗണ്‍സില്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ ഓഫീസ്, ഒടുവില്‍ ഉന്നതരായ സിപിഐ നേതാക്കള്‍ക്ക് വരെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ലാവ്‌ലിന്‍ കേസില്‍ നിയമത്തിന്റെ വഴിക്ക് പോകുന്നതാണ് രാഷ്ട്രീയ മര്യാദയെന്ന് സികെ ചന്ദ്രപ്പന്‍ പിണറായി വിജയനെ ഉപദേശിച്ചിട്ട് അധികദിവസമായിട്ടില്ല. അതിന്റെ പേരില്‍ ചന്ദ്രപ്പനെ കല്ലെറിയാന്‍ നടക്കുന്ന സിപിഎമ്മിന് മുന്നില്‍ നിയമനത്തട്ടിപ്പിലൂടെ സിപിഐ നേതാക്കള്‍ ഇട്ടുകൊടുത്തത് കരിങ്കല്‍ ചീളുകള്‍ തന്നെ. ഇനി അത് പെറുക്കിയെടുത്ത് എറിയുകയേ വേണ്ടു. ഏറില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന സിപിഐക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. തങ്ങളേക്കാള്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കൂടി നിയമനത്തട്ടിപ്പില്‍ കുടുങ്ങണേയെന്ന്.

നിയമനത്തട്ടിപ്പ് പുറത്തുവന്നപ്പോള്‍ മറ്റൊരു കാര്യം കൂടി കേരള ജനത ഓര്‍ക്കുന്നുണ്ട്. അത് മന്ത്രി ജി സുധാകരന്റെ വാക്കുകളാണ്. 'സെക്രട്ടറിയേറ്റിലുള്ളതെല്ലാം അഴിമതിക്കാരാണ്, സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തണം, ഈ ഉദ്യോഗസ്ഥര്‍ ആരു വിചാരിച്ചാലും നന്നാകില്ല'- ഈ സുധാകരമൊഴിക്ക് ഒരു വയനാടന്‍ ചുവ വന്നിരിക്കുന്നു. സുധാകരനില്‍ നിന്നും മന്ത്രി രാജേന്ദ്രനിലേക്കുള്ള ദൂരത്തിനിടയില്‍ വ്യാജന്മാരെ തിരയുമ്പോഴാണ് സിപിഐ മന്ത്രിമാരൊന്നാകെ ശിരസുകുനിക്കേണ്ട സ്ഥിതിയുണ്ടായത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കള്ളന്മാരുടെ കപ്പലുകള്‍ സെക്രട്ടറിയേറ്റില്‍ തന്നെയാണ്.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഏറ്റവുമധികം മുറിവേല്‍പ്പിച്ച സംഭവമാണ് നിയമന തട്ടിപ്പിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. സര്‍വീസ് മേഖലയെ പോലും മാഫിയകള്‍ക്ക് അടിയറവു വെക്കുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. കേരളത്തിലെ ലക്ഷോപലക്ഷം അഭ്യസ്തവിദ്യരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെയാണ് സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. നിരവധി അഴിമതി കേസുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതൊക്കെ പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഇത്രമാത്രം മുറിവേല്‍പ്പിക്കാന്‍ ഇടയില്ല. ഒരു വ്യവസ്ഥാപിത സംവിധാനമാണ് ഇവിടെ തകിടംമറിക്കപ്പെട്ടിരിക്കുന്നത്.

തൊഴിലന്വേഷികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത് ആ സംവിധാനത്തോടുള്ള വിശ്വാസ്യത കൊണ്ടാണ്. അതിവിടെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. അവിശ്വസനീയമെന്ന് തോന്നാവുന്ന വിധത്തില്‍ സെക്ഷന്‍ ക്ലാര്‍ക്ക് മുതല്‍ കളക്ടറേറ്റിലെ ഉന്നതന്മാര്‍ വരെ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ ചങ്ങല പൊതുസമൂഹത്തിന്റെ മനസാക്ഷിയെയാണ് വഞ്ചിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റമായ ഈ കൊടുംപാതകത്തിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..? വീഴ്ചകള്‍ സംഭവിക്കാത്ത ഒരു ഭരണകൂടവും കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കലും ഉറുമ്പരിക്കില്ലെന്ന് കരുതിയ തീക്കട്ടയെ ഉറുമ്പ് വിഴുങ്ങിയപ്പോള്‍ അധികാരികള്‍ക്ക് മറുപടിയുണ്ടോ...?

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മന്ത്രി കെപി രാജേന്ദ്രന്റെ ഓഫീസിനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ കഥയിലെ വില്ലനെന്ന് പറയപ്പെടുന്ന ജെപി എന്ന ജനാര്‍ദ്ദനന്‍ പിള്ള സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെആര്‍ ചന്ദ്രമോഹന്റെ സഹോദരിയുടെ ഭര്‍ത്താവാണെന്നും ഇയാളുടെ മകള്‍ ലെന മന്ത്രി മുല്ലക്കര രത്‌നാകരന്റെ അസിസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ലെനയുടെ ഭര്‍ത്താവകട്ടെ മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. ഇതോടെ സംഭവത്തിലെ സിപിഐ ബന്ധം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഒരു മന്ത്രിയും, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ നേതൃത്വവും അറിഞ്ഞുകൊണ്ട് ഇത്തരം ഒരു പാതകത്തിന് കൂട്ടുനിന്നുവെന്നാണോ മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ, ആരാണ് ഈ കടുത്ത കുറ്റകൃത്യത്തിന് തണല്‍ നല്‍കിയതെന്ന ചോദ്യം അവശേഷിക്കുന്നു.

പ്രമുഖ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. സിപിഐ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍വീസ് സംഘടനക്ക് നിയമന തട്ടിപ്പിന്റെ വിവാദക്കുരുക്കില്‍ പെട്ട് തല താഴ്‌ത്തേണ്ടി വരുന്നത് ഖേദകരം തന്നെ. ഇടതു പക്ഷത്തൊന്നാകെ അഴിമതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പുതിയ വിവാദം വിമര്‍ശകര്‍ക്ക് പഴുതാകുന്നു. ലാവ്‌ലിനും ലോട്ടറിയും പോലുള്ള വന്‍ അഴിമതി കേസുകള്‍ ഒഴിച്ചാല്‍ കഴിഞ്ഞ നാലര വര്‍ഷത്തെ മാധ്യമക്കണ്ണുകള്‍ റവന്യൂ വകുപ്പിനു മേലായിരുന്നു.

കുറച്ചുകാലം മുമ്പ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്ന വ്യാജപ്രമാണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകളിലെ വലിയൊരു അഴിമതിയായിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ട് അടുത്ത ദിവസം മന്ത്രിമാരുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് അയച്ചു. മന്ത്രിമാരുടെ ഓഫീസ് പറയുന്നത് നുണയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അന്വേഷണത്തില്‍ വ്യാജപ്രമാണ മാഫിയക്ക് ഒത്താശ നല്‍കിയ 34 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഒമ്പതു പേര്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

സംസ്ഥാനത്തെ 14 ജില്ലകളിലും നിയമന തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമ്പോഴേക്കും പിഎസ്‌സി അധികൃതരുടെ കണ്ണു തള്ളുമെന്നുറപ്പ്. വ്യാജരേഖ ചമച്ച് നിയമനം നേടിയവര്‍ റവന്യൂ വകുപ്പില്‍ മാത്രമാകരുതേ എന്നാണ് സിപിഐയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. അഴിമതിയില്‍ മുങ്ങിക്കുളിച്ച സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ശുദ്ധികലശത്തിന് ഇറങ്ങിത്തിരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് അപ്രതീക്ഷിത പ്രഹരമാണ് ഈ വയനാടന്‍ കാറ്റ് നല്‍കിയത്.

സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ യുവജന സംഘടനകള്‍ സിപിഐക്കും ജോയിന്റ് കൗണ്‍സിലിനും നന്നായി അടി കൊടുത്തു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്നോളം ഇത്രത്തോളം വഞ്ചനാപരമായ ഒരു സംഭവം ഉണ്ടായിട്ടില്ല. വിവിധ തരം വ്യാജരേഖാ കേസുകള്‍ കേട്ട് തഴമ്പിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ നിയമന തട്ടിപ്പിനെ കേവലം ഒരു വ്യാജരേഖാ കേസായി കാണാന്‍ കേരള ജനത ഇഷ്ടപ്പെടുന്നില്ല. നൂറുശതമാനം അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനത്തെ തകിടംമറിക്കുന്ന ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണിത്. വയനാട് കളക്ടറേറ്റിലെ എ സെക്ഷന്‍ കഌര്‍ക്ക് അഭിലാഷ് എസ് പിള്ള ജോയിന്റ് കൗണ്‍സില്‍ അംഗമാണെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എട്ടു പേരുടെ ഒഴിവിലേക്ക് 16 പേരെ നിയമിക്കുകയും എട്ടുപേര്‍ ജോലിയിലിരിക്കേ മറ്റ് എട്ടുപേരെ വകുപ്പുതല ട്രൈനിംഗ് എന്ന പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഒരു അഭിലാഷ് ആണ് വില്ലനെന്നു വരുത്തി തീര്‍ത്ത് തടിയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവത്തിന്റെ കേന്ദ്രബിന്ദു വയനാട് കളക്ടറേറ്റില്‍ നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാറിയിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവ് പറഞ്ഞതു പോലെ യഥാര്‍ത്ഥ പ്രതികള്‍ സെക്രട്ടറിയേറ്റിലുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മൂന്നാറില്‍ കരിംപൂച്ചകളും വിഎസും ചേര്‍ന്നു നടത്തിയ കോലാഹലങ്ങള്‍ക്കിടെ മൂന്നാറിലെ സിപിഐ ഓഫീസ് കൈയ്യേറ്റ ഭൂമിയിലാണെന്ന വിവാദം എംഎന്‍ സ്മാരകത്തെ പിടിച്ചു കുലുക്കിയിരുന്നു. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടും മന്ത്രി സി ദിവാകരന്റെ വീട് മോടി പിടിപ്പിക്കലും അങ്ങനെ 'മന്ത്രി വമ്പന്‍മാര്‍ക്ക്' കണ്ണുവെയ്ക്കാതെ അല്ലറ ചില്ലറ വിവാദങ്ങള്‍ മാത്രമാണ് സിപിഐയെ തേടിയെത്തിയത്. എല്‍ഡിഎഫില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നടിക്കാനും വലിയേട്ടന്‍ മനോഭാവത്തിന് അറുതി വരുത്താനും ആയുധങ്ങള്‍ ശേഖരിക്കുകയും അഭ്യാസ മുറകളില്‍ താനൊട്ടും പിന്നിലല്ലെന്ന് സൂചന നല്‍കുകയും ചെയ്തുകൊണ്ട് ചന്ദ്രപ്പന്റെ തേര് ഉരുണ്ടു തുടങ്ങിയതാണ്. കഷ്ടകാലം വയനാട്ടില്‍ നിന്ന് വരുമെന്ന് ചന്ദ്രപ്പന്‍ മാത്രമല്ല കളരിക്ക് പുറത്തുപോയ 'ആശാന്‍' പോലും കരുതിയിട്ടുണ്ടാവില്ല.

ഇനിയും 'സ്മാര്‍ടാ'കാത്ത സര്‍ക്കാര്‍




നാട്ടിന്‍പുറങ്ങളില്‍ ചില സ്ത്രീകളുണ്ട്. പകലന്തിയോളം പണിയെടുത്ത് ക്ഷീണിതനായി വീട്ടിലെത്തുന്ന പാവം ഭര്‍ത്താവിനോട് പരാതികളും പരിഭവങ്ങളും പറഞ്ഞ് പ്രകോപിപ്പിക്കും. ആദ്യമൊക്കെ ഭര്‍ത്താവ് ഭാര്യയുടെ പരാതി കേട്ടില്ലെന്ന് നടിക്കും. എന്നിട്ടും ഭാര്യ പരാതി നിര്‍ത്തുന്നില്ലെങ്കില്‍, എല്ലാം പരിഹരിക്കാമെന്ന് ആശ്വസിപ്പിക്കും. അപ്പോഴും ഭാര്യ അടങ്ങില്ല. ശല്യം സഹിക്കവയ്യാതാകുമ്പോള്‍ ഭര്‍ത്താവ് അധികം വേദനിപ്പിക്കാതെ ഒന്നു തല്ലും. അപ്പോള്‍ ഭാര്യയുടെ മട്ട് മാറും. ഇനി നിങ്ങളെന്നെ തല്ലിയാല്‍ കാണിച്ചുതരാമെന്ന് പറയും. ഇത് കേട്ട് അരിശം കൊണ്ട് ഭര്‍ത്താവ് നല്ല രീതിയില്‍ കൈകാര്യം ചെയ്യും. വീണ്ടും ഭാര്യ പറയും 'ഇനിയും എന്നെ തല്ലിയാല്‍ ഞാന്‍ കാണിച്ചുതരാം'. ഇങ്ങനെ പറയുന്നതല്ലാതെ ഒന്നും നടക്കില്ല. ഒടുവില്‍ തല്ലുംകൊണ്ട് ഭാര്യ, തഴപ്പായയില്‍ ചുരുണ്ടികൂടിക്കിടന്ന് ഉറങ്ങും. 


സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ വിഎസ് അച്യുതാനന്ദനും ഏതാണ്ട് ഇതേ ഭാര്യയുടെ മനോഭാവത്തിലാണ്. കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്‌സിറ്റിയെന്ന ഐടി സ്വപ്‌ന പദ്ധതി നടപ്പാക്കാന്‍ തയ്യാറായി വന്ന ദുബായ് ടീകോമിനെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലകുറി ഇപ്പോള്‍ അന്ത്യശാസന കത്തുകള്‍ അയച്ചുകഴിഞ്ഞു. ആദ്യം ഒരു കത്ത് അയച്ചു. അതിന് അവര്‍ മറുപടി നല്‍കി. വീണ്ടും കത്തയച്ചപ്പോള്‍ അപ്പോഴും വന്നു കിറുകൃത്യം മറുപടി. പിന്നെയും അയച്ചു ഒന്നുകൂടി. മറുപടി കിട്ടാത്തത് കൊണ്ടല്ല, വീണ്ടും ഒരു കത്തുകൂടി അയക്കുമെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം വിഎസ് പറഞ്ഞത്. ഈ കത്തിനുള്ള മറുപടിയും കൂടി കിട്ടണം. അതുകഴിഞ്ഞാല്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ചുരുട്ടിക്കൂട്ടി കക്ഷത്തിലാക്കി കിടക്കപ്പായയില്‍ കിടന്നുറങ്ങിക്കൊള്ളും. 


ടീകോമിന്റെ കുഴപ്പം കൊണ്ടാണ് സ്മാര്‍ട്‌സിറ്റി നടപ്പാകാത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിന് കാരണമുണ്ട്, കൊച്ചിയിലെ പദ്ധതിക്കൊപ്പം ഒപ്പുവെച്ച മാര്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചത്. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്. 2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.


മാള്‍ട്ട സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയിലാണു ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ടീകോം അവിടെ സ്മാര്‍ട്ട് സിറ്റി നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഒക്‌ടോബര്‍ പത്തിന് നടന്നത്. പ്രതീക്ഷിച്ചതിലുമേറെ ബിസിനസ് സംരംഭകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി മാള്‍ട്ട സ്മാര്‍ട്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തതോടെ കേരളത്തിലെ സര്‍ക്കാരിന്റെ തൊലി പൊളിഞ്ഞു. അടുത്തിടെ ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം ദുബായ് ടീകോമിനെയും ബാധിച്ചിട്ടുണ്ടെന്നും അവരുടെ കയ്യില്‍ അഞ്ചുനയാപൈസപോലും എടുക്കാനില്ലെന്നുമാണ് അച്യുതാനന്ദന്റെ വാദം. ഇതാണ് കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റി തുടങ്ങുന്നതിലുള്ള തടസമായി വിഎസ് കാണുന്നത്. എന്നാല്‍ മാള്‍ട്ട സ്മാര്‍ട്ട് സിറ്റിക്കായി 40 ദശലക്ഷം യുഎസ് ഡോളര്‍, അതായത് ഏകദേശം 2,050 കോടി രൂപയാണ് ദുബായ് ടീകോം മുതല്‍ മുടക്കിയതെന്ന് വിഎസ് ഇപ്പോഴും അറിഞ്ഞിട്ടില്ല.
സത്യത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ എന്താണ് സംഭവിച്ചത്? മുഖ്യമന്ത്രി തുറന്നുപറഞ്ഞില്ലെങ്കിലും ചിലതെല്ലാം പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിയ്ക്ക് തടസമായതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നത് പോലെ 'ഇപ്പോ ശരിയാക്കിത്തരാം, ഇപ്പോ ശരിയാക്കിത്തരാം' എന്ന് മുഖ്യമന്ത്രി പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഭരണം അവസാനിക്കാന്‍ ഇനി അധികകാലമില്ല, ഇനി എന്ന് നടപ്പാക്കാനെന്ന് സംശയം തോന്നിയപ്പോഴാണ് വൈദ്യുതി മന്ത്രി കയറി ഉടക്കിട്ടത്. സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി ബ്രഹ്മപുരത്ത് 100 ഏക്കര്‍ സ്ഥലം നല്‍കിയത് വൈദ്യുതി വകുപ്പാണ്. അഞ്ചുനയാപൈസയുടെ വരുമാനമില്ലാതെ കിടക്കുന്ന ഈ സ്ഥലം വൈദ്യുതി വകുപ്പിന് തിരിച്ചുവേണം. അവിടെ പ്രകൃതി വാതകാധിഷ്ഠിതമായ ഒരു പദ്ധതി നടപ്പാക്കാനാണ്. മന്ത്രിസഭ പോലും അറിയാതെ പദ്ധതി പ്രദേശത്ത് കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ച് വൈദ്യുതി വകുപ്പ് മുന്നേറുന്നത് മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോള്‍ മുഖ്യമന്ത്രി ഒരു തീരുമാനമെടുത്തു. ഇനി എന്തുവന്നാലും ആ ഭൂമി വൈദ്യുതി വകുപ്പിന് തിരിച്ചുകൊടുക്കില്ല. കൊടുത്താല്‍ നാണക്കേടാണ്. ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള പൊട്ടിത്തെറി മാധ്യമങ്ങള്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി തന്നെ ഒരു വെളിപ്പെടുത്തല്‍ നടത്തി; ദുബായ് ടീകോമിന് ഒരു കത്തുകൂടി അയയ്ക്കും. മാധ്യമങ്ങളെ തല്‍ക്കാലം ഒന്ന് തണുപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മുഖ്യമന്ത്രി. കാരണം, പത്തുദിവസം കഴിഞ്ഞ് ടീകോമിന്റെ മറുപടി കത്ത് വരുമ്പോള്‍ വീണ്ടും സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് പത്രക്കാര്‍ ചോദിക്കും. അത് അപ്പോഴല്ലെ, വരട്ടെ കാണാമെന്നായിരുന്നു വിഎസിന്റെ നിലപാട്. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ടീകോം സര്‍ക്കാര്‍ അയ്ച്ച കത്തിന് മറുപടി നല്‍കി. കഴിവുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ദുബായിയില്‍ വന്നാല്‍ കാര്യങ്ങള്‍ പറഞ്ഞുതരാമെന്ന് ഒരു കുത്തുവാക്കും മറുപടിയില്‍ എഴുതിച്ചേര്‍ത്തു. മുഖ്യമന്ത്രി തന്നെ ദുബായിയില്‍ എത്തണമെന്നതാണ് ഫരീദ് അബ്ദുറഹ്മാന്റെ താല്‍പ്പര്യം. നേരത്തെ തന്നെ വിഎസിനെ ദുബായിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്ത് നല്‍കിയിരുന്നതാണ്. ഏതായാലും ടീകോമിന്റെ കത്ത് ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നാണ മുഖ്യമന്ത്രിയും ശര്‍മ്മയും ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. കിട്ടിയോ ഇല്ലയോ, ആര്‍ക്കറിയാം?


2007 നവംബര്‍ 16-നാണ് കാക്കനാട്ടെ എടച്ചിറയില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തിയത്. കൃത്യം മൂന്നുവര്‍ഷം തികയുന്ന ദിവസം തന്നെ പദ്ധതിയുടെ കരാര്‍ റദ്ദാക്കാമെന്ന് തത്വത്തില്‍ തീരുമാനമെടുത്ത് ഇടതുസര്‍ക്കാര്‍ വിവര സാങ്കേതിക രംഗത്ത് വന്‍ വിപ്ലവമായി മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നിന്ന് തലയൂരുകയാണ്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തറക്കല്ലിനു മുകളില്‍ ഒരു ചുടുകല്ലുപോലും വയ്ക്കാന്‍ കഴിയാത്ത സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോഴും സംരംഭകരെ തന്നെയാണ് പഴി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 2005 മേയിലാണ് ടീകോം ദുബായ് യുമായി സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പു വയ്ക്കുന്നത്. 33,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുമെന്ന വ്യവസ്ഥയില്‍ കരാര്‍ ഒപ്പുവച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴിലില്ലാസേനയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അന്നുതന്നെ പദ്ധതിക്കെതിരെ രംഗത്തു വന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നും കുംഭകോണമാണെന്നും വാര്‍ത്താസമ്മേളനങ്ങളില്‍ ആഞ്ഞടിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ ഒപ്പിട്ടവരെ വിയ്യൂരിലോ പൂജപ്പുരയിലോ കണ്ണൂരിലോ ഉള്ള ജയിലുകളില്‍ അതിഥികളായി അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ ആരംഭിച്ചതോടെ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

പിന്നീട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ആദ്യത്തെ നൂറുദിവസങ്ങളില്‍ സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. സര്‍ക്കാരിന്റെ നൂറാം ദിനാഘോഷത്തിന്റെ വേളയിലാണ് മുഖ്യമന്ത്രി എഴുതിയ ലേഖനത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഉടന്‍ കരാര്‍ ഒപ്പിടുമെന്നും പദ്ധതി കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ച് കരാറില്‍ മാറ്റം വരുത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ പേരില്‍ വീണ്ടും ഒരു വര്‍ഷം കൂടി പ്രസ്താവനകള്‍ ഇറക്കി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ചര്‍ച്ചകള്‍ക്കും കടുംപിടിത്തങ്ങള്‍ക്കും ശേഷം 2007 മേയ് 13-ന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം കരാറില്‍ ഒപ്പു വച്ചു. ഇനി പദ്ധതി തുടങ്ങാന്‍ വൈകില്ലെന്നു കരാര്‍ ഒപ്പിടല്‍ ആഘോഷ വേളയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. അടുത്ത ദിവസം തന്നെ, ഇതു സര്‍ക്കാരിന്റെ വിജയമാണെന്നും സ്മാര്‍ട്ട് സിറ്റി ഇടതുസര്‍ക്കാരിന്റെ കീഴില്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്നും വീണ്ടും പെരുമ്പറ മുഴങ്ങി.

പിന്നെയും ആറു മാസത്തെ ഇടവേള. 2007 നവംബര്‍ 16-ന് കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടല്‍ മഹാമഹം ആഘോഷിച്ചു. മുഖ്യമന്ത്രിയും സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മയും മറ്റു മന്ത്രിമാരും ടീകോമിന്റെയും സാമ ദുബായിയുടെയും ഉദ്യോഗസ്ഥരും ചേര്‍ന്നു തറക്കല്ലിട്ടപ്പോള്‍ ടീകോമിനെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി. വമ്പന്‍ പദ്ധതി, കേരളത്തില്‍ തൊഴിലിന് അപാര സാധ്യത, വന്‍ മൂലധന നിക്ഷേപം, ഐടി സംരംഭകരുടെ പറുദീസ തുടങ്ങിയ പ്രശംസകളുമുണ്ടായി. ചര്‍ച്ചകള്‍, വിവാദങ്ങള്‍, വിലകെട്ട പ്രസ്താവനകള്‍, അനുനയം, നോട്ടീസ് അയക്കല്‍, അന്ത്യശാസനം തുടങ്ങിയ നടപടികളിലൂടെ പിന്നെയും മൂന്നുവര്‍ഷം നീണ്ടു. ഇനി ശേഷിക്കുന്ന ആറു മാസം കൊണ്ടു തറക്കല്ലിനു മുകളില്‍ പത്തു കല്ലുപോലും വയ്ക്കാന്‍ കഴിയില്ലെന്നും ഉറപ്പായിട്ടുണ്ട്.

സംസ്ഥാനത്തിനു നിയന്ത്രണം കിട്ടുന്നതിനു വേണ്ടി ഒരു മന്ത്രിയെത്തന്നെ ചെയര്‍മാനാക്കി രൂപവത്കരിച്ച ഡയറക്ടര്‍ ബോര്‍ഡ് ആറു മാസത്തിലൊരിക്കല്‍ പതിവായി ചേര്‍ന്നു ചായകുടിച്ചു പിരിയുന്നുണ്ട്. പക്ഷേ സ്മാര്‍ട്ട്‌സിറ്റിയെന്ന മലയാളിയുടെ സ്വപ്‌നത്തില്‍ ഒരു ചെറുചിറകു വിരിയിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു വര്‍ഷം മുമ്പു തുടങ്ങിയ ചര്‍ച്ചകള്‍, അഞ്ചു വര്‍ഷം മുമ്പുള്ള ആദ്യ കരാര്‍, മൂന്നു വര്‍ഷം മുമ്പു പൊളിച്ചെഴുതിയ രണ്ടാം കരാര്‍, മൂന്നാം പിറവി ദിനം ആഘോഷിക്കുന്ന തറക്കല്ല്..., കൊച്ചി സ്മാര്‍ട്‌സിറ്റി ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

നിര്‍ദിഷ്ട പദ്ധതി പ്രദേശത്തു 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന കരാറിലെ വ്യവസ്ഥയാണ് മുഖ്യമന്ത്രിക്കു കണ്ണില്‍ പിടിക്കാതെ പോയത്. സംരംഭകരായ ടീകോമിനല്ല സംസ്ഥാന സര്‍ക്കാരിനു കൂടി പ്രാതിനിധ്യമുള്ള, ഒരു സംസ്ഥാന മന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ഭരിക്കുന്ന കമ്പനിയുടെ പേരിലാണു സ്വതന്ത്രാവകാശം നല്‍കേണ്ടത്. ഇത്തരത്തില്‍ സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ ആ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതിനു ടീകോമിനു മാത്രമായി കഴിയില്ല. ഇപ്പോഴത്തെ കരാറില്‍ ഇതിനു വ്യക്തമായ വ്യവസ്ഥകളില്ലാതെ പോയെങ്കില്‍ അതിനുത്തരവാദി സര്‍ക്കാരല്ലാതെ മറ്റാരാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്ത് ഓരോ വ്യവസ്ഥയും ഭൂതക്കണ്ണാടി വച്ചു വായിച്ചു പഠിച്ചു സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുഖ്യമന്ത്രി തന്നെ അംഗീകരിച്ച ശേഷമാണ് തിരുവനന്തപുരത്തെ മസ്‌ക്റ്റ് ഹോട്ടലില്‍ വച്ചു കരാര്‍ ഒപ്പു വച്ചത്. ഒപ്പിടുന്നതിനു മുമ്പ് വ്യവസ്ഥകള്‍ വ്യക്തമായി മനസിലാക്കിയിരുന്നെങ്കില്‍ ഇത്രയധികം വിവാദങ്ങളും കാലതാമസവും ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്നു 12 ശതമാനം സ്വതന്ത്രാവകാശം എങ്ങനെ വിനിയോഗിക്കണമെന്നു വ്യവസ്ഥ ചേര്‍ത്തു കരാറുണ്ടാക്കാമായിരുന്നു. ആ കരാര്‍ ടീകോമിനു സമ്മതമല്ലായിരുന്നുവെങ്കില്‍ അവര്‍ ഒപ്പിടാതെ പിന്മാറുമായിരുന്നു. അപ്പോള്‍ തന്നെ പുതിയ സംരംഭകരെ തേടിയിരുന്നെങ്കില്‍ ഇതിനു മുമ്പ് സമാനമായ പദ്ധതി തുടങ്ങാമായിരുന്നു. ഇതൊക്കെയാണു സ്മാര്‍ട്ട് സിറ്റിയുടെ ദുരന്തചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ചെയ്യേണ്ടവര്‍ അതു യഥാകാലം ചെയ്തിരുന്നെങ്കില്‍ നാലര വര്‍ഷം 99,000 തൊഴിലെന്ന വെറുംവാക്കു കേട്ടു നിരാശപ്പെടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കേരള ജനത വിശ്വസിക്കുന്നു.