2010, ഡിസംബർ 9, വ്യാഴാഴ്‌ച

അത്യാഗ്രഹി ആഗ്രഹിക്കുന്ന വരം അഥവാ നിയമനത്തട്ടിപ്പ്

പണ്ട് പ്രൈമറി ക്ലാസുകളില്‍ പഠിച്ച ഒരു കഥയുണ്ട്. അത്യാഗ്രഹിയും അസൂയക്കാരനും. ഇരുവരും ചങ്ങാതിമാരാണ്. അസൂയക്കാരന് എന്തുകിട്ടിയാലും അതിനേക്കാള്‍ കൂടുതല്‍ തനിക്ക് കിട്ടണമെന്നതാണ് അത്യാഗ്രഹിയുടെ നിലപാട്. അസൂയക്കാരനാകട്ടെ, തന്നേക്കാള്‍ കൂടുതലെന്തെങ്കിലും അത്യാഗ്രഹിക്ക് കിട്ടുന്നത് സഹിക്കാനാവില്ല. ഒരിക്കല്‍ ഇവര്‍ക്ക് മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ദൈവം അത്യാഗ്രഹിയോട് പറഞ്ഞു; എന്തുവരം ചോദിച്ചാലും നല്‍കാം, പക്ഷെ നിനക്ക് കിട്ടുന്നതിന്റെ ഇരട്ടി ഞാന്‍ മറ്റേയാള്‍ക്ക് നല്‍കും. ഇതുകേട്ട് അസൂയക്കാരന്‍ സന്തോഷിച്ചു. അത്യാഗ്രഹി എന്ത് ആവശ്യപ്പെട്ടാലും അതിന്റെ ഇരട്ടി തനിക്ക് കിട്ടുമല്ലോ. അത്യാഗ്രഹി അല്‍പ്പനേരം ആലോചിച്ചു, എന്നിട്ടു പറഞ്ഞു; എന്റെ ഒരു കണ്ണിന്റെ കാഴ്ച നശിച്ചു പോകട്ടെ!. പിന്നെ നടന്നത് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വയനാട്ടിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും ഇതുപോലെയൊരു വരമാണ്. തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സിപിഎമ്മിന് കിട്ടുന്ന ഒരു വരം വേണം. നിയമനത്തട്ടിപ്പിന്റെ ചുരുളഴിയുമ്പോള്‍ സിപിഐ നേതാക്കള്‍ ഓരോരുത്തരായി പ്രതിക്കൂട്ടിലാകുന്നു. ആദ്യം ജോയിന്റ് കൗണ്‍സില്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ ഓഫീസ്, ഒടുവില്‍ ഉന്നതരായ സിപിഐ നേതാക്കള്‍ക്ക് വരെ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ലാവ്‌ലിന്‍ കേസില്‍ നിയമത്തിന്റെ വഴിക്ക് പോകുന്നതാണ് രാഷ്ട്രീയ മര്യാദയെന്ന് സികെ ചന്ദ്രപ്പന്‍ പിണറായി വിജയനെ ഉപദേശിച്ചിട്ട് അധികദിവസമായിട്ടില്ല. അതിന്റെ പേരില്‍ ചന്ദ്രപ്പനെ കല്ലെറിയാന്‍ നടക്കുന്ന സിപിഎമ്മിന് മുന്നില്‍ നിയമനത്തട്ടിപ്പിലൂടെ സിപിഐ നേതാക്കള്‍ ഇട്ടുകൊടുത്തത് കരിങ്കല്‍ ചീളുകള്‍ തന്നെ. ഇനി അത് പെറുക്കിയെടുത്ത് എറിയുകയേ വേണ്ടു. ഏറില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്ന സിപിഐക്ക് ഒരു പ്രാര്‍ത്ഥനയേയുള്ളൂ. തങ്ങളേക്കാള്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കൂടി നിയമനത്തട്ടിപ്പില്‍ കുടുങ്ങണേയെന്ന്.

നിയമനത്തട്ടിപ്പ് പുറത്തുവന്നപ്പോള്‍ മറ്റൊരു കാര്യം കൂടി കേരള ജനത ഓര്‍ക്കുന്നുണ്ട്. അത് മന്ത്രി ജി സുധാകരന്റെ വാക്കുകളാണ്. 'സെക്രട്ടറിയേറ്റിലുള്ളതെല്ലാം അഴിമതിക്കാരാണ്, സെക്രട്ടറിയേറ്റ് ഇടിച്ചു നിരത്തണം, ഈ ഉദ്യോഗസ്ഥര്‍ ആരു വിചാരിച്ചാലും നന്നാകില്ല'- ഈ സുധാകരമൊഴിക്ക് ഒരു വയനാടന്‍ ചുവ വന്നിരിക്കുന്നു. സുധാകരനില്‍ നിന്നും മന്ത്രി രാജേന്ദ്രനിലേക്കുള്ള ദൂരത്തിനിടയില്‍ വ്യാജന്മാരെ തിരയുമ്പോഴാണ് സിപിഐ മന്ത്രിമാരൊന്നാകെ ശിരസുകുനിക്കേണ്ട സ്ഥിതിയുണ്ടായത്. ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കള്ളന്മാരുടെ കപ്പലുകള്‍ സെക്രട്ടറിയേറ്റില്‍ തന്നെയാണ്.
കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഏറ്റവുമധികം മുറിവേല്‍പ്പിച്ച സംഭവമാണ് നിയമന തട്ടിപ്പിന്റെ രൂപത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. സര്‍വീസ് മേഖലയെ പോലും മാഫിയകള്‍ക്ക് അടിയറവു വെക്കുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. കേരളത്തിലെ ലക്ഷോപലക്ഷം അഭ്യസ്തവിദ്യരുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെയാണ് സര്‍ക്കാര്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. നിരവധി അഴിമതി കേസുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതൊക്കെ പൊതു സമൂഹത്തിന്റെ മനസാക്ഷിയെ ഇത്രമാത്രം മുറിവേല്‍പ്പിക്കാന്‍ ഇടയില്ല. ഒരു വ്യവസ്ഥാപിത സംവിധാനമാണ് ഇവിടെ തകിടംമറിക്കപ്പെട്ടിരിക്കുന്നത്.

തൊഴിലന്വേഷികള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വാതിലിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത് ആ സംവിധാനത്തോടുള്ള വിശ്വാസ്യത കൊണ്ടാണ്. അതിവിടെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. അവിശ്വസനീയമെന്ന് തോന്നാവുന്ന വിധത്തില്‍ സെക്ഷന്‍ ക്ലാര്‍ക്ക് മുതല്‍ കളക്ടറേറ്റിലെ ഉന്നതന്മാര്‍ വരെ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ ചങ്ങല പൊതുസമൂഹത്തിന്റെ മനസാക്ഷിയെയാണ് വഞ്ചിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റമായ ഈ കൊടുംപാതകത്തിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..? വീഴ്ചകള്‍ സംഭവിക്കാത്ത ഒരു ഭരണകൂടവും കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കലും ഉറുമ്പരിക്കില്ലെന്ന് കരുതിയ തീക്കട്ടയെ ഉറുമ്പ് വിഴുങ്ങിയപ്പോള്‍ അധികാരികള്‍ക്ക് മറുപടിയുണ്ടോ...?

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ മന്ത്രി കെപി രാജേന്ദ്രന്റെ ഓഫീസിനെ ചുറ്റിപ്പറ്റിയും ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ കഥയിലെ വില്ലനെന്ന് പറയപ്പെടുന്ന ജെപി എന്ന ജനാര്‍ദ്ദനന്‍ പിള്ള സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെആര്‍ ചന്ദ്രമോഹന്റെ സഹോദരിയുടെ ഭര്‍ത്താവാണെന്നും ഇയാളുടെ മകള്‍ ലെന മന്ത്രി മുല്ലക്കര രത്‌നാകരന്റെ അസിസ്റ്റന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നു. ലെനയുടെ ഭര്‍ത്താവകട്ടെ മന്ത്രി ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ്. ഇതോടെ സംഭവത്തിലെ സിപിഐ ബന്ധം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഒരു മന്ത്രിയും, അല്ലെങ്കില്‍ ഒരു രാഷ്ട്രീയ നേതൃത്വവും അറിഞ്ഞുകൊണ്ട് ഇത്തരം ഒരു പാതകത്തിന് കൂട്ടുനിന്നുവെന്നാണോ മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പിന്നെ, ആരാണ് ഈ കടുത്ത കുറ്റകൃത്യത്തിന് തണല്‍ നല്‍കിയതെന്ന ചോദ്യം അവശേഷിക്കുന്നു.

പ്രമുഖ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. സിപിഐ പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍വീസ് സംഘടനക്ക് നിയമന തട്ടിപ്പിന്റെ വിവാദക്കുരുക്കില്‍ പെട്ട് തല താഴ്‌ത്തേണ്ടി വരുന്നത് ഖേദകരം തന്നെ. ഇടതു പക്ഷത്തൊന്നാകെ അഴിമതി രാഷ്ട്രീയം കൊടികുത്തി വാഴുന്ന സാഹചര്യത്തില്‍ പുതിയ വിവാദം വിമര്‍ശകര്‍ക്ക് പഴുതാകുന്നു. ലാവ്‌ലിനും ലോട്ടറിയും പോലുള്ള വന്‍ അഴിമതി കേസുകള്‍ ഒഴിച്ചാല്‍ കഴിഞ്ഞ നാലര വര്‍ഷത്തെ മാധ്യമക്കണ്ണുകള്‍ റവന്യൂ വകുപ്പിനു മേലായിരുന്നു.

കുറച്ചുകാലം മുമ്പ് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്ന വ്യാജപ്രമാണവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകളിലെ വലിയൊരു അഴിമതിയായിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ട് അടുത്ത ദിവസം മന്ത്രിമാരുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് അയച്ചു. മന്ത്രിമാരുടെ ഓഫീസ് പറയുന്നത് നുണയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് ഇക്കാര്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അന്വേഷണത്തില്‍ വ്യാജപ്രമാണ മാഫിയക്ക് ഒത്താശ നല്‍കിയ 34 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ഒമ്പതു പേര്‍ ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

സംസ്ഥാനത്തെ 14 ജില്ലകളിലും നിയമന തട്ടിപ്പിലൂടെ ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുമ്പോഴേക്കും പിഎസ്‌സി അധികൃതരുടെ കണ്ണു തള്ളുമെന്നുറപ്പ്. വ്യാജരേഖ ചമച്ച് നിയമനം നേടിയവര്‍ റവന്യൂ വകുപ്പില്‍ മാത്രമാകരുതേ എന്നാണ് സിപിഐയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന. അഴിമതിയില്‍ മുങ്ങിക്കുളിച്ച സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ശുദ്ധികലശത്തിന് ഇറങ്ങിത്തിരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പന് അപ്രതീക്ഷിത പ്രഹരമാണ് ഈ വയനാടന്‍ കാറ്റ് നല്‍കിയത്.

സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ യുവജന സംഘടനകള്‍ സിപിഐക്കും ജോയിന്റ് കൗണ്‍സിലിനും നന്നായി അടി കൊടുത്തു കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇന്നോളം ഇത്രത്തോളം വഞ്ചനാപരമായ ഒരു സംഭവം ഉണ്ടായിട്ടില്ല. വിവിധ തരം വ്യാജരേഖാ കേസുകള്‍ കേട്ട് തഴമ്പിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ നിയമന തട്ടിപ്പിനെ കേവലം ഒരു വ്യാജരേഖാ കേസായി കാണാന്‍ കേരള ജനത ഇഷ്ടപ്പെടുന്നില്ല. നൂറുശതമാനം അംഗീകരിക്കപ്പെടുന്ന ഒരു സംവിധാനത്തെ തകിടംമറിക്കുന്ന ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണിത്. വയനാട് കളക്ടറേറ്റിലെ എ സെക്ഷന്‍ കഌര്‍ക്ക് അഭിലാഷ് എസ് പിള്ള ജോയിന്റ് കൗണ്‍സില്‍ അംഗമാണെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എട്ടു പേരുടെ ഒഴിവിലേക്ക് 16 പേരെ നിയമിക്കുകയും എട്ടുപേര്‍ ജോലിയിലിരിക്കേ മറ്റ് എട്ടുപേരെ വകുപ്പുതല ട്രൈനിംഗ് എന്ന പേരില്‍ മാറ്റി നിര്‍ത്തുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. ഒരു അഭിലാഷ് ആണ് വില്ലനെന്നു വരുത്തി തീര്‍ത്ത് തടിയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവത്തിന്റെ കേന്ദ്രബിന്ദു വയനാട് കളക്ടറേറ്റില്‍ നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാറിയിരിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സംഘടനാ നേതാവ് പറഞ്ഞതു പോലെ യഥാര്‍ത്ഥ പ്രതികള്‍ സെക്രട്ടറിയേറ്റിലുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മൂന്നാറില്‍ കരിംപൂച്ചകളും വിഎസും ചേര്‍ന്നു നടത്തിയ കോലാഹലങ്ങള്‍ക്കിടെ മൂന്നാറിലെ സിപിഐ ഓഫീസ് കൈയ്യേറ്റ ഭൂമിയിലാണെന്ന വിവാദം എംഎന്‍ സ്മാരകത്തെ പിടിച്ചു കുലുക്കിയിരുന്നു. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടും മന്ത്രി സി ദിവാകരന്റെ വീട് മോടി പിടിപ്പിക്കലും അങ്ങനെ 'മന്ത്രി വമ്പന്‍മാര്‍ക്ക്' കണ്ണുവെയ്ക്കാതെ അല്ലറ ചില്ലറ വിവാദങ്ങള്‍ മാത്രമാണ് സിപിഐയെ തേടിയെത്തിയത്. എല്‍ഡിഎഫില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നടിക്കാനും വലിയേട്ടന്‍ മനോഭാവത്തിന് അറുതി വരുത്താനും ആയുധങ്ങള്‍ ശേഖരിക്കുകയും അഭ്യാസ മുറകളില്‍ താനൊട്ടും പിന്നിലല്ലെന്ന് സൂചന നല്‍കുകയും ചെയ്തുകൊണ്ട് ചന്ദ്രപ്പന്റെ തേര് ഉരുണ്ടു തുടങ്ങിയതാണ്. കഷ്ടകാലം വയനാട്ടില്‍ നിന്ന് വരുമെന്ന് ചന്ദ്രപ്പന്‍ മാത്രമല്ല കളരിക്ക് പുറത്തുപോയ 'ആശാന്‍' പോലും കരുതിയിട്ടുണ്ടാവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ