2010, ഡിസംബർ 9, വ്യാഴാഴ്‌ച
ഇനിയും 'സ്മാര്‍ടാ'കാത്ത സര്‍ക്കാര്‍
നാട്ടിന്‍പുറങ്ങളില്‍ ചില സ്ത്രീകളുണ്ട്. പകലന്തിയോളം പണിയെടുത്ത് ക്ഷീണിതനായി വീട്ടിലെത്തുന്ന പാവം ഭര്‍ത്താവിനോട് പരാതികളും പരിഭവങ്ങളും പറഞ്ഞ് പ്രകോപിപ്പിക്കും. ആദ്യമൊക്കെ ഭര്‍ത്താവ് ഭാര്യയുടെ പരാതി കേട്ടില്ലെന്ന് നടിക്കും. എന്നിട്ടും ഭാര്യ പരാതി നിര്‍ത്തുന്നില്ലെങ്കില്‍, എല്ലാം പരിഹരിക്കാമെന്ന് ആശ്വസിപ്പിക്കും. അപ്പോഴും ഭാര്യ അടങ്ങില്ല. ശല്യം സഹിക്കവയ്യാതാകുമ്പോള്‍ ഭര്‍ത്താവ് അധികം വേദനിപ്പിക്കാതെ ഒന്നു തല്ലും. അപ്പോള്‍ ഭാര്യയുടെ മട്ട് മാറും. ഇനി നിങ്ങളെന്നെ തല്ലിയാല്‍ കാണിച്ചുതരാമെന്ന് പറയും. ഇത് കേട്ട് അരിശം കൊണ്ട് ഭര്‍ത്താവ് നല്ല രീതിയില്‍ കൈകാര്യം ചെയ്യും. വീണ്ടും ഭാര്യ പറയും 'ഇനിയും എന്നെ തല്ലിയാല്‍ ഞാന്‍ കാണിച്ചുതരാം'. ഇങ്ങനെ പറയുന്നതല്ലാതെ ഒന്നും നടക്കില്ല. ഒടുവില്‍ തല്ലുംകൊണ്ട് ഭാര്യ, തഴപ്പായയില്‍ ചുരുണ്ടികൂടിക്കിടന്ന് ഉറങ്ങും.
സ്മാര്‍ട്‌സിറ്റിയുടെ കാര്യത്തില്‍ വിഎസ് അച്യുതാനന്ദനും ഏതാണ്ട് ഇതേ ഭാര്യയുടെ മനോഭാവത്തിലാണ്. കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്‌സിറ്റിയെന്ന ഐടി സ്വപ്‌ന പദ്ധതി നടപ്പാക്കാന്‍ തയ്യാറായി വന്ന ദുബായ് ടീകോമിനെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പലകുറി ഇപ്പോള്‍ അന്ത്യശാസന കത്തുകള്‍ അയച്ചുകഴിഞ്ഞു. ആദ്യം ഒരു കത്ത് അയച്ചു. അതിന് അവര്‍ മറുപടി നല്‍കി. വീണ്ടും കത്തയച്ചപ്പോള്‍ അപ്പോഴും വന്നു കിറുകൃത്യം മറുപടി. പിന്നെയും അയച്ചു ഒന്നുകൂടി. മറുപടി കിട്ടാത്തത് കൊണ്ടല്ല, വീണ്ടും ഒരു കത്തുകൂടി അയക്കുമെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന് ശേഷം വിഎസ് പറഞ്ഞത്. ഈ കത്തിനുള്ള മറുപടിയും കൂടി കിട്ടണം. അതുകഴിഞ്ഞാല്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ചുരുട്ടിക്കൂട്ടി കക്ഷത്തിലാക്കി കിടക്കപ്പായയില്‍ കിടന്നുറങ്ങിക്കൊള്ളും.
ടീകോമിന്റെ കുഴപ്പം കൊണ്ടാണ് സ്മാര്‍ട്‌സിറ്റി നടപ്പാകാത്തതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതിന് കാരണമുണ്ട്, കൊച്ചിയിലെ പദ്ധതിക്കൊപ്പം ഒപ്പുവെച്ച മാര്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചത്. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്. 2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.
മാള്‍ട്ട സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയിലാണു ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ടീകോം അവിടെ സ്മാര്‍ട്ട് സിറ്റി നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ആദ്യ ഘട്ടത്തിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഒക്‌ടോബര്‍ പത്തിന് നടന്നത്. പ്രതീക്ഷിച്ചതിലുമേറെ ബിസിനസ് സംരംഭകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി മാള്‍ട്ട സ്മാര്‍ട്‌സിറ്റി അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തതോടെ കേരളത്തിലെ സര്‍ക്കാരിന്റെ തൊലി പൊളിഞ്ഞു. അടുത്തിടെ ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം ദുബായ് ടീകോമിനെയും ബാധിച്ചിട്ടുണ്ടെന്നും അവരുടെ കയ്യില്‍ അഞ്ചുനയാപൈസപോലും എടുക്കാനില്ലെന്നുമാണ് അച്യുതാനന്ദന്റെ വാദം. ഇതാണ് കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റി തുടങ്ങുന്നതിലുള്ള തടസമായി വിഎസ് കാണുന്നത്. എന്നാല്‍ മാള്‍ട്ട സ്മാര്‍ട്ട് സിറ്റിക്കായി 40 ദശലക്ഷം യുഎസ് ഡോളര്‍, അതായത് ഏകദേശം 2,050 കോടി രൂപയാണ് ദുബായ് ടീകോം മുതല്‍ മുടക്കിയതെന്ന് വിഎസ് ഇപ്പോഴും അറിഞ്ഞിട്ടില്ല.
സത്യത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ എന്താണ് സംഭവിച്ചത്? മുഖ്യമന്ത്രി തുറന്നുപറഞ്ഞില്ലെങ്കിലും ചിലതെല്ലാം പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിയ്ക്ക് തടസമായതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നത് പോലെ 'ഇപ്പോ ശരിയാക്കിത്തരാം, ഇപ്പോ ശരിയാക്കിത്തരാം' എന്ന് മുഖ്യമന്ത്രി പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഭരണം അവസാനിക്കാന്‍ ഇനി അധികകാലമില്ല, ഇനി എന്ന് നടപ്പാക്കാനെന്ന് സംശയം തോന്നിയപ്പോഴാണ് വൈദ്യുതി മന്ത്രി കയറി ഉടക്കിട്ടത്. സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി ബ്രഹ്മപുരത്ത് 100 ഏക്കര്‍ സ്ഥലം നല്‍കിയത് വൈദ്യുതി വകുപ്പാണ്. അഞ്ചുനയാപൈസയുടെ വരുമാനമില്ലാതെ കിടക്കുന്ന ഈ സ്ഥലം വൈദ്യുതി വകുപ്പിന് തിരിച്ചുവേണം. അവിടെ പ്രകൃതി വാതകാധിഷ്ഠിതമായ ഒരു പദ്ധതി നടപ്പാക്കാനാണ്. മന്ത്രിസഭ പോലും അറിയാതെ പദ്ധതി പ്രദേശത്ത് കരിങ്കല്‍ക്കെട്ട് നിര്‍മ്മിച്ച് വൈദ്യുതി വകുപ്പ് മുന്നേറുന്നത് മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോള്‍ മുഖ്യമന്ത്രി ഒരു തീരുമാനമെടുത്തു. ഇനി എന്തുവന്നാലും ആ ഭൂമി വൈദ്യുതി വകുപ്പിന് തിരിച്ചുകൊടുക്കില്ല. കൊടുത്താല്‍ നാണക്കേടാണ്. ഐടി വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള പൊട്ടിത്തെറി മാധ്യമങ്ങള്‍ ചികഞ്ഞു തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി തന്നെ ഒരു വെളിപ്പെടുത്തല്‍ നടത്തി; ദുബായ് ടീകോമിന് ഒരു കത്തുകൂടി അയയ്ക്കും. മാധ്യമങ്ങളെ തല്‍ക്കാലം ഒന്ന് തണുപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മുഖ്യമന്ത്രി. കാരണം, പത്തുദിവസം കഴിഞ്ഞ് ടീകോമിന്റെ മറുപടി കത്ത് വരുമ്പോള്‍ വീണ്ടും സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് പത്രക്കാര്‍ ചോദിക്കും. അത് അപ്പോഴല്ലെ, വരട്ടെ കാണാമെന്നായിരുന്നു വിഎസിന്റെ നിലപാട്. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ തന്നെ ടീകോം സര്‍ക്കാര്‍ അയ്ച്ച കത്തിന് മറുപടി നല്‍കി. കഴിവുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ അങ്ങ് ദുബായിയില്‍ വന്നാല്‍ കാര്യങ്ങള്‍ പറഞ്ഞുതരാമെന്ന് ഒരു കുത്തുവാക്കും മറുപടിയില്‍ എഴുതിച്ചേര്‍ത്തു. മുഖ്യമന്ത്രി തന്നെ ദുബായിയില്‍ എത്തണമെന്നതാണ് ഫരീദ് അബ്ദുറഹ്മാന്റെ താല്‍പ്പര്യം. നേരത്തെ തന്നെ വിഎസിനെ ദുബായിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്ത് നല്‍കിയിരുന്നതാണ്. ഏതായാലും ടീകോമിന്റെ കത്ത് ഔദ്യോഗികമായി കിട്ടിയിട്ടില്ലെന്നാണ മുഖ്യമന്ത്രിയും ശര്‍മ്മയും ഇതുവരെ പ്രതികരിച്ചിരിക്കുന്നത്. കിട്ടിയോ ഇല്ലയോ, ആര്‍ക്കറിയാം?
2007 നവംബര്‍ 16-നാണ് കാക്കനാട്ടെ എടച്ചിറയില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ശിലാസ്ഥാപനം നടത്തിയത്. കൃത്യം മൂന്നുവര്‍ഷം തികയുന്ന ദിവസം തന്നെ പദ്ധതിയുടെ കരാര്‍ റദ്ദാക്കാമെന്ന് തത്വത്തില്‍ തീരുമാനമെടുത്ത് ഇടതുസര്‍ക്കാര്‍ വിവര സാങ്കേതിക രംഗത്ത് വന്‍ വിപ്ലവമായി മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്മാര്‍ട്‌സിറ്റി പദ്ധതിയില്‍ നിന്ന് തലയൂരുകയാണ്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തറക്കല്ലിനു മുകളില്‍ ഒരു ചുടുകല്ലുപോലും വയ്ക്കാന്‍ കഴിയാത്ത സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോഴും സംരംഭകരെ തന്നെയാണ് പഴി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 2005 മേയിലാണ് ടീകോം ദുബായ് യുമായി സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പു വയ്ക്കുന്നത്. 33,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുമെന്ന വ്യവസ്ഥയില്‍ കരാര്‍ ഒപ്പുവച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴിലില്ലാസേനയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അന്നുതന്നെ പദ്ധതിക്കെതിരെ രംഗത്തു വന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നും കുംഭകോണമാണെന്നും വാര്‍ത്താസമ്മേളനങ്ങളില്‍ ആഞ്ഞടിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ ഒപ്പിട്ടവരെ വിയ്യൂരിലോ പൂജപ്പുരയിലോ കണ്ണൂരിലോ ഉള്ള ജയിലുകളില്‍ അതിഥികളായി അയയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. തെരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ ആരംഭിച്ചതോടെ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പിന്നീട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ സ്മാര്‍ട്ട് സിറ്റി കരാറില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ആദ്യത്തെ നൂറുദിവസങ്ങളില്‍ സ്മാര്‍ട്‌സിറ്റിയെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല. സര്‍ക്കാരിന്റെ നൂറാം ദിനാഘോഷത്തിന്റെ വേളയിലാണ് മുഖ്യമന്ത്രി എഴുതിയ ലേഖനത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഉടന്‍ കരാര്‍ ഒപ്പിടുമെന്നും പദ്ധതി കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിച്ച് കരാറില്‍ മാറ്റം വരുത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ പേരില്‍ വീണ്ടും ഒരു വര്‍ഷം കൂടി പ്രസ്താവനകള്‍ ഇറക്കി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ചര്‍ച്ചകള്‍ക്കും കടുംപിടിത്തങ്ങള്‍ക്കും ശേഷം 2007 മേയ് 13-ന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം കരാറില്‍ ഒപ്പു വച്ചു. ഇനി പദ്ധതി തുടങ്ങാന്‍ വൈകില്ലെന്നു കരാര്‍ ഒപ്പിടല്‍ ആഘോഷ വേളയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. അടുത്ത ദിവസം തന്നെ, ഇതു സര്‍ക്കാരിന്റെ വിജയമാണെന്നും സ്മാര്‍ട്ട് സിറ്റി ഇടതുസര്‍ക്കാരിന്റെ കീഴില്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്നും വീണ്ടും പെരുമ്പറ മുഴങ്ങി.
പിന്നെയും ആറു മാസത്തെ ഇടവേള. 2007 നവംബര്‍ 16-ന് കൊച്ചിയിലെ കാക്കനാട്ട് സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടല്‍ മഹാമഹം ആഘോഷിച്ചു. മുഖ്യമന്ത്രിയും സ്മാര്‍ട്ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മയും മറ്റു മന്ത്രിമാരും ടീകോമിന്റെയും സാമ ദുബായിയുടെയും ഉദ്യോഗസ്ഥരും ചേര്‍ന്നു തറക്കല്ലിട്ടപ്പോള്‍ ടീകോമിനെ മുഖ്യമന്ത്രി വാനോളം പുകഴ്ത്തി. വമ്പന്‍ പദ്ധതി, കേരളത്തില്‍ തൊഴിലിന് അപാര സാധ്യത, വന്‍ മൂലധന നിക്ഷേപം, ഐടി സംരംഭകരുടെ പറുദീസ തുടങ്ങിയ പ്രശംസകളുമുണ്ടായി. ചര്‍ച്ചകള്‍, വിവാദങ്ങള്‍, വിലകെട്ട പ്രസ്താവനകള്‍, അനുനയം, നോട്ടീസ് അയക്കല്‍, അന്ത്യശാസനം തുടങ്ങിയ നടപടികളിലൂടെ പിന്നെയും മൂന്നുവര്‍ഷം നീണ്ടു. ഇനി ശേഷിക്കുന്ന ആറു മാസം കൊണ്ടു തറക്കല്ലിനു മുകളില്‍ പത്തു കല്ലുപോലും വയ്ക്കാന്‍ കഴിയില്ലെന്നും ഉറപ്പായിട്ടുണ്ട്.
സംസ്ഥാനത്തിനു നിയന്ത്രണം കിട്ടുന്നതിനു വേണ്ടി ഒരു മന്ത്രിയെത്തന്നെ ചെയര്‍മാനാക്കി രൂപവത്കരിച്ച ഡയറക്ടര്‍ ബോര്‍ഡ് ആറു മാസത്തിലൊരിക്കല്‍ പതിവായി ചേര്‍ന്നു ചായകുടിച്ചു പിരിയുന്നുണ്ട്. പക്ഷേ സ്മാര്‍ട്ട്‌സിറ്റിയെന്ന മലയാളിയുടെ സ്വപ്‌നത്തില്‍ ഒരു ചെറുചിറകു വിരിയിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ആറു വര്‍ഷം മുമ്പു തുടങ്ങിയ ചര്‍ച്ചകള്‍, അഞ്ചു വര്‍ഷം മുമ്പുള്ള ആദ്യ കരാര്‍, മൂന്നു വര്‍ഷം മുമ്പു പൊളിച്ചെഴുതിയ രണ്ടാം കരാര്‍, മൂന്നാം പിറവി ദിനം ആഘോഷിക്കുന്ന തറക്കല്ല്..., കൊച്ചി സ്മാര്‍ട്‌സിറ്റി ഇപ്പോഴത്തെ അവസ്ഥ ഇതാണ്.
നിര്‍ദിഷ്ട പദ്ധതി പ്രദേശത്തു 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന കരാറിലെ വ്യവസ്ഥയാണ് മുഖ്യമന്ത്രിക്കു കണ്ണില്‍ പിടിക്കാതെ പോയത്. സംരംഭകരായ ടീകോമിനല്ല സംസ്ഥാന സര്‍ക്കാരിനു കൂടി പ്രാതിനിധ്യമുള്ള, ഒരു സംസ്ഥാന മന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ഭരിക്കുന്ന കമ്പനിയുടെ പേരിലാണു സ്വതന്ത്രാവകാശം നല്‍കേണ്ടത്. ഇത്തരത്തില്‍ സ്വതന്ത്രാവകാശം നല്‍കുമ്പോള്‍ ആ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതിനു ടീകോമിനു മാത്രമായി കഴിയില്ല. ഇപ്പോഴത്തെ കരാറില്‍ ഇതിനു വ്യക്തമായ വ്യവസ്ഥകളില്ലാതെ പോയെങ്കില്‍ അതിനുത്തരവാദി സര്‍ക്കാരല്ലാതെ മറ്റാരാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാര്‍ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്ത് ഓരോ വ്യവസ്ഥയും ഭൂതക്കണ്ണാടി വച്ചു വായിച്ചു പഠിച്ചു സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുഖ്യമന്ത്രി തന്നെ അംഗീകരിച്ച ശേഷമാണ് തിരുവനന്തപുരത്തെ മസ്‌ക്റ്റ് ഹോട്ടലില്‍ വച്ചു കരാര്‍ ഒപ്പു വച്ചത്. ഒപ്പിടുന്നതിനു മുമ്പ് വ്യവസ്ഥകള്‍ വ്യക്തമായി മനസിലാക്കിയിരുന്നെങ്കില്‍ ഇത്രയധികം വിവാദങ്ങളും കാലതാമസവും ഉണ്ടാകുമായിരുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അന്നു 12 ശതമാനം സ്വതന്ത്രാവകാശം എങ്ങനെ വിനിയോഗിക്കണമെന്നു വ്യവസ്ഥ ചേര്‍ത്തു കരാറുണ്ടാക്കാമായിരുന്നു. ആ കരാര്‍ ടീകോമിനു സമ്മതമല്ലായിരുന്നുവെങ്കില്‍ അവര്‍ ഒപ്പിടാതെ പിന്മാറുമായിരുന്നു. അപ്പോള്‍ തന്നെ പുതിയ സംരംഭകരെ തേടിയിരുന്നെങ്കില്‍ ഇതിനു മുമ്പ് സമാനമായ പദ്ധതി തുടങ്ങാമായിരുന്നു. ഇതൊക്കെയാണു സ്മാര്‍ട്ട് സിറ്റിയുടെ ദുരന്തചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ചെയ്യേണ്ടവര്‍ അതു യഥാകാലം ചെയ്തിരുന്നെങ്കില്‍ നാലര വര്‍ഷം 99,000 തൊഴിലെന്ന വെറുംവാക്കു കേട്ടു നിരാശപ്പെടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കേരള ജനത വിശ്വസിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ