2010, നവംബർ 25, വ്യാഴാഴ്‌ച
നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്...
നാളെയാണ് നാളെയാണ് നറുക്കെടുപ്പെന്ന് കേട്ടാലും നമുക്കറിയാം നാളെ നറുക്കെടുപ്പ് നടക്കില്ലെന്ന്. നറുക്കെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ ലോട്ടറിക്കാരുടെ മൈക്കുകളിലൂടെ കേള്‍ക്കുന്നത് നാളെയാണ് നറുക്കെടുപ്പ് എന്നുതന്നെയാണ്. ഒടുവില്‍ നറുക്കെടുപ്പിന്റെ അന്നും അനൗണ്‍സ്‌മെന്റ് മുഴങ്ങും; നാളെയാണ് നറുക്കെടുപ്പെന്ന്. ലോട്ടറിയെടുത്ത പോക്കറ്റിലിട്ടിരിക്കുന്ന ആരെങ്കിലും സംശയം ചോദിച്ചാല്‍ ഏജന്റ് പറയുന്നത് 'എല്ലാദിവസവും അനൗണ്‍സ്‌മെന്റ് മാറ്റാന്‍ പറ്റുമോ?, ജീവിച്ചുപോകണ്ടേ ആശാനെ' എന്നാകും.
കേരളാ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ഇതുപോലൊരു അനൗണ്‍സ്‌മെന്റാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ പറഞ്ഞു; ഇനിമുതല്‍ കേരളാ ലോട്ടറി ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ് നടത്തും. മൂന്നുദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് പറഞ്ഞത് 'അതൊന്നും നടപ്പുള്ള കാര്യമല്ല, ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് നടത്തിയാല്‍ മതി'യെന്നാണ്. ഇതുകേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം തോന്നാം. പിന്നെ ആരു പറഞ്ഞിട്ടാണ് അങ്ങ് ആഴ്ചയില്‍ ഏഴു നറുക്കെടുപ്പ് നടത്തുമെന്ന് പറഞ്ഞത്?. പത്രക്കാര്‍ ഇതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ 'ഉപദ്രവിക്കല്ലേ ആശാനേ, ജീവിച്ചുപോകട്ടെ' എന്ന് മുഖഭാവം.
ലോട്ടറി വകുപ്പ് ധനമന്ത്രിക്കാണെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തില്‍ തികഞ്ഞ ആശയക്കുഴപ്പം ഉണ്ടെന്നാണ് നറുക്കെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി തിരുത്തിയ പ്രസ്താവനകളിലൂടെ വ്യക്തമാകുന്നത്. അന്യസംസ്ഥാന ലോട്ടറികളെ നേരിടുന്നതിന്റെ ഭാഗമായാണ് കേരള ഭാഗ്യക്കുറിയുടേയും നറുക്കെടുപ്പ് ആഴ്ചയില്‍ ഏഴില്‍ നിന്ന് ഒന്നാക്കി കുറച്ചത്. ലോട്ടറി ഏജന്റുമാരുടേയും ക്ഷേമനിധി ബോര്‍ഡിന്റെയും സമ്മര്‍ദം ശക്തമായപ്പോള്‍ നിയന്ത്രണം നീക്കി പഴയത് പോലെ ഏഴുദിവസം നറുക്കെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു. ഡിസംബര്‍ ആറുമുതല്‍ നറുക്കെടുപ്പുകള്‍ നടത്താന്‍ ഉത്തരവ് നല്‍കുകയും ടിക്കറ്റുകളുടെ അച്ചടി ജോലി തുടങ്ങുകയും ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് തീരുമാനം മാറ്റിയത്. 'തല്‍സ്ഥിതി തുടരുമെന്നും നറുക്കെടുപ്പ് ഒന്ന് മാത്രം മതി'യെന്നും മുഖ്യമന്ത്രി ധനമന്ത്രിയെ രേഖാമൂലം അറിയിച്ചു. തൊട്ടുപിന്നാലെ ഉത്തരവിറക്കാന്‍ നികുതിവകുപ്പ് സെക്രട്ടറിക്ക് ധനമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നപ്പോഴെങ്കിലും ലോട്ടറി നറുക്കെടുപ്പിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. മുഖ്യമന്ത്രിയും കൂട്ടരും ഇപ്പോഴും പറയുന്നത് 'നാളെയാണ് നാളെയാണ് നറുക്കെടുപ്പ്' എന്നുതന്നെയാണ്.
മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന വന്നതോടെ ശരിക്കും വെട്ടിലായത് ലോട്ടറി വകുപ്പാണ്. ദല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടപാതി കേള്‍ക്കാത്ത പാതി 18 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റാണ് പ്രതിദിന നറുക്കെടുപ്പിന് വേണ്ടി അച്ചടിച്ചത്. പക്ഷെ ഇതങ്ങനെ പാഴാക്കി കളയാന്‍ പറ്റുമോയെന്ന് ലോട്ടറി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ മറ്റെന്താണ് മാര്‍ഗ്ഗമെന്ന് അന്വേഷിക്കുകയാണ് ധനമന്ത്രിയും സിപിഎമ്മും. ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ പാഴാക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ ചോദിച്ചാല്‍ എന്തു മറുപടി പറയണമെന്ന് ആര്‍ക്കും നല്ല തിട്ടമില്ല. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത് മുഖ്യമന്ത്രി വീണ്ടും വാക്ക് മാറ്റിപ്പറയുമെന്നാണ്. അങ്ങനെ പറഞ്ഞേ തീരു. കാരണം ഓങ്ങിയ വാളുമായി പാര്‍ട്ടി നേതൃത്വം അച്യുതാനന്ദന്റെ തൊട്ടുപിന്നിലുണ്ട്. പിന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലോട്ടറി ഏജന്റുമാരുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹി സാക്ഷാല്‍ എംവി ജയരാജനാണ്. ന്യായാധിപന്മാര്‍ക്ക് നേരെ പോലും ആക്ഷേപശരങ്ങള്‍ തൊടുത്തുവിടുന്ന ജയരാജന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ നിലയ്ക്ക് നിര്‍ത്താനും പറഞ്ഞത് തിരുത്തി പറയിക്കാനും മിനിട്ടുകള്‍ മാത്രം മതി.
പക്ഷെ പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്ന പോംവഴി മറ്റൊന്നാണ്. മുഖ്യമന്ത്രിയുമായി ആരും പരസ്യമായി ഉടക്കരുത്. പകരം കേരളാ ഭാഗ്യക്കുറി എല്ലാദിവസവും നറുക്കെടുക്കുന്നത് കൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കുക. ഇക്കാര്യം നിയമവകുപ്പ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം. അതിനായി ഐസക്കിന്റെ സഹായവും തേടാം.
സിപിഎം ഔദ്യോഗിക നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള പതിവു പോരിനപ്പുറമാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രതിദിന നറുക്കെടുപ്പു വേണ്ടെന്ന മുഖ്യമന്ത്രിയുടെ ചൊവ്വാഴ്ചത്തെ നിര്‍ദേശമല്ല, എല്ലാ ദിവസവും നറുക്കെടുപ്പ് ആകാമെന്ന അദ്ദേഹത്തിന്റെ ആദ്യ നിര്‍ദേശത്തെയാണ് ധനമന്ത്രിയും വകുപ്പും ഇപ്പോഴും മാനിക്കുന്നത്. ഇക്കാര്യത്തില്‍ എംവി ജയരാജന്‍ നടത്തിയ പ്രതികരണം തന്നെയാണു പാര്‍ട്ടി നിലപാട്. എല്ലാ ദിവസവും നറുക്കെടുപ്പു നടത്താന്‍ സര്‍ക്കാരിനു തീരുമാനിക്കേണ്ടി വരുമെന്നാണ് ജയരാജന്‍ പറഞ്ഞത്.
തല്‍ക്കാലം പ്രതിദിന നറുക്കെടുപ്പില്ലാതെ മുന്നോട്ടു പോകും. പക്ഷേ, അധികം വൈകാതെ എല്ലാ ദിവസവും നറുക്കെടുപ്പ് ആരംഭിക്കും. അതുവരെ പരസ്യ വിവാദത്തിന് പാര്‍ട്ടിയോ ധനമന്ത്രിയോ ഇല്ല. എന്നാല്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലോട്ടറി വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനയുടെ സംസ്ഥാന ഭാരവാഹിയെന്ന നിലയില്‍ ജയരാജന്‍ പാര്‍ട്ടി നിലപാട് പറയും. അത് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശത്തോട് യോജിക്കുന്നതാകില്ല. അടുത്ത ദിവസം ലോട്ടറി വില്‍പ്പനക്കാര്‍ ജില്ലാ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന ധര്‍ണ ഫലത്തില്‍ മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തിനെതിരായ സമരമായി മാറുകയും ചെയ്യും.
സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേ്‌സിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എല്ലാ ദിവസവും നറുക്കെടുപ്പ് നടത്താമെന്ന് വിധിച്ചിരുന്നു. ഇതിനെതിരേയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നത്. എല്ലാ ദിവസവും നറുക്കെടുപ്പ് പുനരാരംഭിച്ചാല്‍ അപ്പീലിന്റെ വിധിയെ ബാധിക്കുമെന്ന ഉപദേശം കേട്ടാണത്രേ മുഖ്യമന്ത്രി തീരുമാനം മാറ്റിയത്. എല്ലാ ദിവസവും നറുക്കെടുപ്പ് ആകാമെന്ന് ധനവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുമ്പോള്‍ ലഭിക്കാത്ത ഉപദേശം പൊടുന്നനെ സ്വീകരിച്ച് തീരുമാനം മാറ്റിയതാണ് പാര്‍ട്ടിയെയും ധനമന്ത്രിയെയും ചൊടിപ്പിച്ചിരിക്കുന്നത്.
രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ തോമസ് ഐസക്കും എംവി ജയരാജനും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്: ഇത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഭരണപരാജയമാണ്. ധൃതിപിടിച്ച്, കൈയടി നേടാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു. രണ്ട്: മുഖ്യമന്ത്രിയുടെ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ബാഹ്യശക്തികളാണ്. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി കെ സുരേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍. ധന-ലോട്ടറി വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി തോമസ് ഐസക്കുമായി ആലോചിക്കാതെ മുഖ്യമന്ത്രി ഇത്തരക്കാരെ ആശ്രയിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നുറച്ചുതന്നെയാണ് ജയരാജന്റെ നീക്കം. പ്രതിദിന ലോട്ടറി നറുക്കെടുപ്പ് വീണ്ടും ആരംഭിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നുവെന്ന ജയരാജന്റെ പരസ്യ പ്രതികരണത്തിന്റെ അര്‍ത്ഥം മുഖ്യമന്ത്രി തീരുമാനം മാറ്റേണ്ടി വരുമെന്നുതന്നെയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ