2010, ഡിസംബർ 15, ബുധനാഴ്‌ച

ഒരു തെരഞ്ഞെടുപ്പും 'റോഡുകളുടെ രാഷ്ട്രീയ'വും

രണ്ടാഴ്ച മുമ്പ് ഏകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു; ' തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേരിടേണ്ടിവന്ന കനത്ത തിരിച്ചടിക്ക് ഒരു കാരണം സംസ്ഥാനത്തെ തകര്‍ന്നു കിടക്കുന്ന റോഡുകളാണ്'. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയെടത്ത വോട്ടുകളുടെ കണക്കുകള്‍ അല്‍പ്പം അതിശയോക്തി കലര്‍ത്തിയണ് പിണറായി സഖാവ് പറഞ്ഞതെങ്കിലും ഈ പറഞ്ഞതില്‍ ഒട്ടും തന്നെ അതിശയോക്തിയില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും മനസ്സിലാകും. ഒരു തെരഞ്ഞെടുപ്പില്‍ റോഡുകള്‍ക്കുള്ള 'റോള്‍' എന്തെന്ന് അങ്ങനെ സിപിഎമ്മിന് ബോധ്യപ്പെട്ടുവെന്നതില്‍ ആശ്വസിക്കാം.
പിജെ ജോസഫ്, ഇനി ഈ മുന്നണി തനിക്ക് വേണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയപ്പോള്‍ പൊതുമരാമത്ത് മന്ത്രിയുടെ കസേരയില്‍ കയറിയിരുന്ന സാക്ഷാല്‍ തോമസ് ഐസക്ക് റോഡിന്റെ രാഷ്ട്രീയം നന്നായി പഠിച്ചയാളായിരുന്നു. അതുകൊണ്ടാണ് ചാര്‍ജ്ജെടുത്ത് രണ്ടാംപക്കം തന്നെ മന്ത്രി കേരളത്തിലെ റോഡുകളെല്ലാം നടന്നു കണ്ടു.പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ വന്‍ഗര്‍ത്തങ്ങള്‍ക്ക് അരികിലിരുന്നു സങ്കടപ്പെടുന്നത് ഒപ്പം കൊണ്ടുപോയ ദൃശ്യമാധ്യമങ്ങള്‍ ഒപ്പിയെടുത്ത് ചാനലുകളില്‍ കാണിച്ചു. ആദ്യമായി റോഡുകളിലെ കുഴികളുടെ എണ്ണമെടുത്ത സാമ്പത്തിക ശാസ്ത്ര മന്ത്രിയുടെ സങ്കടം കണ്ട് ജനങ്ങള്‍ കണ്ണീരൊഴുക്കി. അടുത്തമാസം അഞ്ചിനുള്ളില്‍ കേരളത്തിലെ റോഡുകള്‍ താജ്മഹല്‍ പണിത മാര്‍ബിളിനേക്കാള്‍ മനോഹരമാകുമെന്ന് മന്ത്രി അറിയിച്ചതോടെ ചാനലുകാര്‍ അവരുടെ അന്നത്തെ അന്നം തേടി മറ്റുവഴികളിലേക്ക് നീങ്ങി. മന്ത്രി പറഞ്ഞുവെച്ച അഞ്ചാം തീയതി കഴിഞ്ഞ ജൂലൈ അഞ്ചായിരുന്നുവെന്ന് പലരും മറന്നു.
ഐസക്കിനെ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ട പൊതുമരാമത്ത് കസേരയിലേക്ക് പിന്നെയെത്തിയത് മന്ത്രി വിജയകുമാറാണ്. അദ്ദേഹവും പല തീയതികളും പറഞ്ഞു. പക്ഷെ റോഡിലെ കുഴികളുടെ എണ്ണവും കുഴികളില്‍ വീണ് മരിക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ധിച്ചു. പരാതികള്‍ പലതെത്തിയെങ്കിലും റോഡല്ല കാര്യം വോട്ടാണെന്ന് വീമ്പിളക്കിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലം വന്നപ്പോള്‍ എന്തുണ്ടായെന്ന് ഓര്‍മ്മിപ്പിച്ച് വിപ്ലവപ്പാര്‍ട്ടിയുടെ മനസ്സമാധാനം കെടുത്തുന്നില്ല. അതല്ല പ്രശ്‌നം, ഇന്നലെ വീണ്ടും റോഡ് മന്ത്രി രംഗത്തെത്തി. വെണ്ണക്കല്‍ മനോഹരമായ റോഡുകളാണ് പുതുവര്‍ഷത്തില്‍ നിങ്ങളെ വരവേല്‍ക്കുകയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പല തീയതികളും കേട്ടുകഴിഞ്ഞ ജനം ഇനി ഇത് വിശ്വസിക്കുമോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത്; ''കട്ട് ഓഫ് ഡേറ്റ് ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നുറപ്പാണ് ജനുവരിയില്‍ നിങ്ങള്‍ക്ക് ടാര്‍ ചെയ്ത്, കുഴികള്‍ നികത്തിയ സുന്ദരപാതയിലൂടെ സഞ്ചരിക്കാം''. ശരി, ഞങ്ങള്‍ അവിശ്വസിക്കുന്നില്ല. സ്വന്തം മണ്ഡലത്തിലെ നാലാഞ്ചിറയെന്ന പ്രദേശത്ത് ഒരു റോഡുണ്ടാക്കിയ ദുരന്തചിത്രം കേരളം കണ്ടതാണ്. അതുപോലും യഥാസമയം കാണാന്‍ കഴിയാതിരുന്ന മന്ത്രിയാണിത് പറയുന്നതെന്ന് തല്‍ക്കാലം ഞങ്ങള്‍ മറക്കാം.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ജനങ്ങളില്‍ അമര്‍ഷം ഉണ്ടാക്കിയെന്ന തിരിച്ചറിവിലായിരിക്കണം തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കരമന-കളിയിക്കാവിള റോഡ് നാലുവരി പാതയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. നല്ലകാര്യം, കുപ്പിക്കഴുത്തുപോലുള്ള ഈ റോഡിലൂടെ മണിക്കൂറുകളെടുത്താണ് ഈയുള്ളവനടക്കം ആയിരങ്ങള്‍ രാവിലെ ഓഫീസുകളിലും സ്‌കൂളുകളിലും എത്തുന്നത്. അതായത് രാവിലെ പത്തുമണിക്ക് ഓഫീസില്‍ എത്തേണ്ടയാല്‍ ഏഴുമണിക്കെങ്കിലും വീട്ടില്‍ നിന്ന് പുറപ്പെടണമെന്നര്‍ത്ഥം. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ശ്ലാഘിച്ചു. പെരുമഴയുള്ള ഒരു വൈകുന്നേരം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാപ്പനംകോടെത്തി റോഡുവികസനത്തിന് തറക്കല്ലുമിട്ടു. ഉദ്ഘാടന പ്രസംഗത്തില്‍ റോഡിന്റെ വികസനത്തെക്കുറിച്ച് മുഖ്യന്‍ പറഞ്ഞത് കേട്ട് ജനങ്ങള്‍ കോരിത്തരിച്ചു.
''കരമന-കളിയിക്കാവിള നാലു വരിപ്പാതയുടെ യഥാര്‍ഥ വീതി 21 മീറ്ററാകുമ്പോള്‍ പഴയ റോഡിനെക്കാള്‍ 12 മീറ്റര്‍ വീതി വര്‍ധിക്കും. പ്രധാന റോഡിനു 15 മീറ്ററും ചെറു വാഹനങ്ങള്‍ക്കു വേണ്ടി ആറു മീറ്ററും വീതിയിലാണു റോഡുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ നാഷണല്‍ ഹൈവെ റോഡിന്റെ ആകെ വീതി എട്ടു മീറ്റര്‍. പുതിയ റോഡിനു ആകെ 30.2 മീറ്റര്‍ വീതിയാണുണ്ടാവുക. പുതിയ റോഡിനു വേണ്ടി ഒരോ വശത്തു നിന്നായി 10.5മീറ്റര്‍ വീതം അക്വയര്‍ ചെയ്യേണ്ടതായി വരും. ഇതുകൂടാതെ ഫുട്പാത്തിന് അഞ്ചു മീറ്ററും യൂട്ടിലിറ്റി കോറിഡോറിനായി മൂന്നു മീറ്ററും അക്വയര്‍ ചെയ്യും. റോഡൊഴികെ മറ്റാവശ്യങ്ങള്‍ക്കായി നാലു മീറ്റര്‍ സ്ഥലവും ഒരോ വശങ്ങളില്‍ നിന്നു അക്വയര്‍ ചെയ്യും. ഇതു കൂടാതെ ചിലസ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ബസ് ബേകള്‍ക്കു കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടതായി വരും. റോഡിനു മധ്യത്തു 1.2 മീറ്റര്‍ സ്ഥലം മീഡിയനു വേണ്ടി മാറ്റും. രണ്ടു വശത്തും 7.5 മീറ്റര്‍ വീതിയില്‍ പ്രധാന റോഡ് ടാര്‍ ചെയ്യും. രണ്ടു വശത്തായി 15 മീറ്റര്‍ ടാര്‍ ചെയ്യും. ഇതു കൂടാതെ ചെറിയ വാഹനങ്ങള്‍ക്കു പോകാനായി രണ്ടു വശത്തും മൂന്നു മീറ്റര്‍ വീതം ആറു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യും. രണ്ടു വശത്തും നല്ല വീതിയോടു കൂടിയ ഫുട്പാത്തുകളായിരിക്കും ഉണ്ടാവുക. ഇതിനായി 2.5 മീറ്റര്‍ സ്ഥലം രണ്ടു വശത്തും ഉപയോഗിക്കും. രണ്ടു ഭാഗത്തുമായി 1.5 മീറ്റര്‍ സ്ഥലം െ്രെഡനെജിനും യൂട്ടിലിറ്റി കോറിഡോറിനും നീക്കി വയ്ക്കുന്നുണ്ട്. ഫുട്പാത്തിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ തണല്‍ മരങ്ങളും പൂന്തോട്ടങ്ങളും നിര്‍മിക്കുന്നുണ്ട്'' -ഇതുകേട്ടിട്ട് ജനങ്ങള്‍ കയ്യടിച്ചില്ലെങ്കിലേയുള്ളൂ. ഇത്രയും ദീര്‍ഘദൃഷ്ടിയോടെ റോഡ് നിര്‍മ്മിക്കുന്ന ആദ്യസര്‍ക്കാരായിരിക്കുമിതെന്ന് ജനങ്ങള്‍ വിധിയെഴുതി. അഭിവാദ്യമര്‍പ്പിച്ച് ഫഌക്‌സുകളും ബാനറുകളും റോഡിന് ഇരുവശവും നിറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ചീഫ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ റോഡിന് ഇരുവശവും അളന്ന് തിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങളും തുടങ്ങി. രണ്ടേ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കേള്‍ക്കാം. കരമന-കളിയിക്കാവിള റോഡിന്റെ വികസനം നിര്‍ത്തിവെച്ചു. ആരാണ് നിര്‍ത്തിവെച്ചത്? ജനങ്ങള്‍ പരസ്പരം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്രെ. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. റോഡിന് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ ആരെങ്കിലും എതിര്‍പ്പുമായി രംഗത്തുവന്നാല്‍ ഉള്ള വോട്ടുകൂടി പോകും. തല്‍ക്കാലം വികസനം നിര്‍ത്തിവെയ്ക്കുന്നതാണ് ബുദ്ധിയെന്ന് മുഖ്യമന്ത്രിക്ക് വിദഗ്‌ധോപദേശം കിട്ടിയത്രെ.
സംസ്ഥാനത്തെ മുഴുവന്‍ കുഴികളെയും റോഡ് എന്ന മേല്‍വിലാസത്തിലേക്കു വീണ്ടെടുക്കാന്‍ ഇന്നലെയും പ്രതിജ്ഞയെടുത്ത പൊതുമരാമത്ത് മന്ത്രിക്ക് നന്ദി. ആറുമാസവും അതിലേറെയും കാലവര്‍ഷം ആടിത്തിമിര്‍ക്കുന്ന നാട്ടില്‍ പൊതുമരാമത്തു വകുപ്പ് എന്ന പൊതുനിരത്തു കൊള്ള സംഘത്തിന് സര്‍വവും കട്ടുമുടിക്കാന്‍ പാകത്തിലാവരുത് ഇക്കുറി റോഡ് വികസനം എന്നൊരു അപേക്ഷയുണ്ട്. അടച്ച കുഴികളുടെ അടപ്പ് നാലാംപക്കം തെറിക്കുന്ന നാണംകെട്ട മരാമത്താവില്ല ഈ പുനര്‍നിര്‍മാണ യജ്ഞം എന്നും ഉറപ്പു വരുത്തണം അധികാരികള്‍. റോഡ് നിര്‍മാണത്തിനു നൂറു രൂപ വകയിരുത്തിയാല്‍ അതില്‍ മുപ്പതു രൂപയേ മണ്ണില്‍ മുടക്കുന്നുള്ളൂ എന്നത് ഇവിടെ നാട്ടുനടപ്പുള്ള കണക്ക്. ബാക്കി എഴുപതു രൂപ കോഴപ്പണമായും കോഴി ബിരിയാണിയായും കമ്മിഷനായും കട്ടുവാരലായും മുടിപ്പിക്കുന്നുണ്ട് ഇവിടത്തെ പൊതുമരാമത്തു കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കൊള്ള സംഘം. ഈ പകല്‍ക്കൊള്ള സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള ദൃഢനിശ്ചയവും, അതിനുള്ള വിജിലന്‍സ് സംവിധാനവുമാണ് ആദ്യമുണ്ടാകേണ്ടത്. അതിനു ശേഷം മതി ലോഡിറക്കുന്നതും ടാര്‍ ഉരുക്കുന്നതും റോളര്‍ ഉരുട്ടുന്നതുമെല്ലാം. കള്ളന്മാരെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തി വേണം റോഡു നിര്‍മാണ വേല എന്ന യജ്ഞം സമാരംഭിക്കാന്‍. ഇല്ലെങ്കില്‍ ഇട്ട റോഡ് പൊളിഞ്ഞതിന് ഇരട്ടിശാപം വീഴും അടുത്ത തവണ ഇടതിന്റെ വോട്ടു പെട്ടിയില്‍. കോണ്‍ക്രീറ്റ് റോഡ് എന്ന പദ്ധതിയെ പൊതുമരാമത്തു കൊള്ളക്കാര്‍ പിറവിയിലേ കൊക്കു മുരുക്കുന്നില്ല എന്നും ജാഗ്രത വേണമെന്ന് ജനങ്ങള്‍ രഹസ്യമായും പരസ്യമായും ആവശ്യപ്പെടുന്നുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്തില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇടതുമുന്നണി കണ്‍വീനര്‍ക്കും സിപിഎം സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരസ്പരം പറയാം; റോഡ് വീണ്ടും നമ്മളെ ചതിച്ചെടോ!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ