2011, ജനുവരി 23, ഞായറാഴ്‌ച
അങ്ങനെ വി എസ് മാത്രം രക്തസാക്ഷിയാകേണ്ട....
ഒരുപാട് രക്തസാക്ഷികളെ സൃഷ്ടിച്ചെടുക്കുകയും ആ രക്തസാക്ഷികളുടെ സ്മരണകള്‍ ഊതിവീര്‍പ്പിച്ച് വോട്ടുപെട്ടി നിറക്കുകയും ചെയ്യുന്നതില്‍ സി പി എം നിതാന്ത ജാഗ്രത പുലര്‍ത്താറുണ്ട്. വര്‍ഷത്തില്‍ പലതവണ, പല പേരുകളില്‍ വാരാചരണം നടത്താനും വഴിയോരങ്ങളില്‍ ആളെക്കൂട്ടാനുമുള്ള മാര്‍ഗ്ഗം കൂടിയാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് രക്തസാക്ഷികള്‍. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ബാനറില്‍ ആരെങ്കിലും സ്വയം രക്തസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ സി പി എം അത് സമ്മതിച്ചു കൊടുക്കില്ല. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഞാനൊരു 'രക്തസാക്ഷി'യാണെന്ന് ജനങ്ങളുടെ മുന്നില്‍ സ്വയം അവതരിക്കുന്ന വി എസ് അച്യുതാനന്ദന്റെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും.
ലോകസഭാ തെരഞ്ഞെടുപ്പും പഞ്ചായത്ത് തെരഞ്ഞെടുപ്പും കഴിഞ്ഞു. പാര്‍ട്ടിക്ക് കണക്കിന് കിട്ടി. ഇനി നിയമസഭാ തെരഞ്ഞെടുപ്പാണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തുമാണ് ലോട്ടറിയെന്നും സാന്റിയാഗോ മാര്‍ട്ടിനെന്നും ലാവ്‌ലിനെന്നുമൊക്കെ പറഞ്ഞ് അച്യുതാനന്ദന്‍ രംഗം കൊഴുപ്പിക്കുന്നത്. ഇക്കാര്യമെല്ലാം പാര്‍ട്ടിക്കും അറിയാം. ഇത്രകാലം നടന്നു. ഇനിയത് നടപ്പില്ല. അത് അച്യുതാനന്ദനെ കൂടി ബോധ്യപ്പെടുത്താനാണ് പോളിറ്റ് ബ്യൂറോ കളത്തില്‍ ആളെയിറക്കിയത്. സഖാവ് രാമചന്ദന്‍പിള്ളയാകുമ്പോള്‍ മലയാള മാധ്യമങ്ങളോട് വേണ്ടത്, വേണ്ട രീതിയില്‍ തന്നെ പറയും. അച്യുതാനന്ദന്‍ പറയുന്നത് പോലെ തന്നെ. ഒരു ചോദ്യത്തിനും കൃത്യമായി മറുപടിയില്ല. പക്ഷെ ശരീരഭാഷയില്‍ നിന്നും മുഖഭാവത്തില്‍ നിന്നും എല്ലാം വായിച്ചെടുക്കാം.
തിങ്കളാഴ്ച എസ് ആര്‍ പി ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതു തന്നെ ഒരു പ്രധാനകാര്യം പറയാനാണ്; ''പോളിറ്റ് ബ്യൂറോയില്‍ നടക്കുന്ന ചര്‍ച്ചകളും നടപടികളും ചോര്‍ത്തി നല്‍കുന്നത് ആരാണെന്ന് കണ്ടുപിടിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണം. നിങ്ങളുടെ കൂട്ടത്തില്‍ ഭാവനാസന്നരായവരുണ്ട്. അവര്‍ ചിറകുവിരിച്ചു പറക്കുകയാണ്''. എന്നിട്ട് മിണ്ടാതെയിരുന്നു. നിങ്ങള്‍ ചോദിക്കൂ, എനിക്ക് ഇനിയും ചിലത് പറയാനുണ്ടെന്ന് മുഖഭാവം.
ലോട്ടറി വിഷയത്തിന്റെ പേരില്‍ വി എസിനെ ശാസിക്കാന്‍ പി ബി തീരുമാനമെടുത്തോ?. ഇല്ല. പിന്നെയെങ്ങനെയാണ് വാര്‍ത്തകള്‍ വന്നത്? ഭാവനാസൃഷ്ടി. ബംഗാളിലെ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചല്ലോ?. അവിടെയും ഭാവനാ സമ്പന്നരുണ്ട്. കഴിഞ്ഞു, രാമചന്ദ്രന്‍പിള്ളയുടെ പ്രധാന മറുപടികള്‍. മാധ്യമ പ്രവര്‍ത്തകര്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിച്ചു. ചര്‍ച്ച ചെയ്തില്ല, അങ്ങനെയല്ല, ഇങ്ങനെയാണ് തുടങ്ങിയ ഉത്തരങ്ങള്‍ മാത്രം.
സാധാരണ ഗതിയില്‍ പാര്‍ട്ടി യോഗങ്ങളിലുണ്ടായ ചര്‍ച്ചകളെക്കുറിച്ച് വാര്‍ത്തകള്‍ വന്നാല്‍ (അത് ഗുണമായാലും ദോഷമായാലും) അത് നിഷേധിക്കാന്‍ വാര്‍ത്താസമ്മേളനങ്ങള്‍ പതിവില്ല. ഏറിയാലൊരു പത്രക്കുറിപ്പ്. പിന്നെയെന്തിനാണ് വി എസിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ച വിവരം പുറത്തറിഞ്ഞപ്പോള്‍ പാര്‍ട്ടിക്കിത്ര വേവലാതി?. ഒരുമാസം മുമ്പ് തിരുവനന്തപുരത്ത് ഏ കെ ജി സെന്ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍, ലോട്ടറി വിഷയത്തിന്റെ പേരില്‍ വി എസും തോമസ് ഐസക്കും നേരിട്ട് ഏറ്റുമുട്ടിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. 'എടോ പോടോ' വിളികള്‍ വരെയുണ്ടായെന്നാണ് പുറത്തറിഞ്ഞത്. അന്ന് വി എസിനെതിരെ നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതും അടുത്ത പി ബി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പ്രകാശ് കാരാട്ട് ഉറപ്പുനല്‍കിയതും പത്രങ്ങളില്‍ വെണ്ടക്കാ വലുപ്പത്തിലാണ് എഴുതിയത്. എന്നിട്ട് ഇത് തിരുത്താന്‍ ഒരു പാര്‍ട്ടിക്കാരനും പത്രസമ്മേളനം വിളിക്കാതിരുന്നതെന്താണ്.?
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പി ബി യോഗത്തില്‍ വി എസിനെ ശാസിക്കാന്‍ തീരുമാനമെടുത്തെന്ന വാര്‍ത്ത പുറത്തുവന്ന് ഒരുദിവസം കഴിഞ്ഞാണ് പാര്‍ട്ടി വിശദീകരണം നല്‍കാന്‍ രംഗത്തുവന്നത്. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെങ്കില്‍ ദൃശ്യമാധ്യമങ്ങളില്‍ വന്ന ആദ്യ ഫഌഷ് ന്യൂസിന് തൊട്ടുപിന്നാലെ തന്നെ നേതാക്കള്‍ക്ക് പത്രക്കുറിപ്പ് ഇറക്കാമായിരുന്നു. അടുത്ത ദിവസം അച്ചടി മാധ്യമങ്ങള്‍ വാര്‍ത്ത ആഘോഷിക്കുന്നതുവരെ പാര്‍ട്ടി കാത്തുനിന്നു. സത്യത്തില്‍ അതൊരു പരീക്ഷണമായിരുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഹിതമറിയാനുള്ള ഒരുദിവസത്തെ കാത്തിരിപ്പ്. രഹസ്യ ശാസന പരസ്യമാകുമ്പോള്‍ വി എസ് എങ്ങനെയാകും പ്രതികരിക്കുക എന്നറിയാനുള്ള വ്യഗ്രതയും പാര്‍ട്ടിക്കുണ്ടായിരുന്നോയെന്ന് സംശയിക്കണം. ഏതായാലും വി എസിന്റെ നീക്കങ്ങള്‍ ആദ്യമണിക്കൂറുകളില്‍ തന്നെ പാര്‍ട്ടി മണത്തറിഞ്ഞു; പാര്‍ട്ടി തനിക്കൊപ്പമല്ല, അഴിമതിക്കാര്‍ക്കൊപ്പമാണെന്ന് വിളിച്ചുപറയാന്‍ വെമ്പുന്നത്.
വിഷയം ലോട്ടറിയാണ്, അഴിമതിയാണ്. അഴിമതിക്കെതിരെ ഞാന്‍ നീങ്ങുമ്പോള്‍ എന്റെ പാര്‍ട്ടി എനിക്കൊപ്പമില്ലെന്ന് അച്യുതാനന്ദന്‍ പറഞ്ഞാല്‍ കേരളത്തിലെ ഏത് കൊച്ചുകുട്ടിയും വിശ്വസിച്ചു പോകും. അഥവാ വിശ്വസിച്ചില്ലെങ്കില്‍ എങ്ങനെ വിശ്വസിപ്പിക്കണമെന്ന് വി എസിന് അറിയാം. അക്കാര്യം പാര്‍ട്ടിക്കും അറിയാം. നേരത്തെ ലാവ്‌ലിന്‍ കേസിലും മറ്റ് പല വിഷയങ്ങളിലും വി എസ് വിജയിപ്പിച്ചെടുത്ത തന്ത്രമാണിത്.
തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശാസനയ്ക്ക് പൊളിറ്റ്ബ്യൂറോ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ മാര്‍ച്ച് രണ്ടിന് കേന്ദ്രക്കമ്മിറ്റി ചേരുന്നതുവരെ പൊളിറ്റ്ബ്യൂറോ അംഗങ്ങളല്ലാതെ മാറ്റാരും അക്കാര്യം അറിയാന്‍ പാടില്ല. എന്നാല്‍ ഈ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് പി ബി തീരുമാനം ചോര്‍ത്തിയത് ആരെന്നുകണ്ടെത്തണമെന്ന നിലപാട് വി എസ് സ്വീകരിച്ചിരുന്നു. പാര്‍ട്ടി സംഘടനാ രീതികളില്‍ ഊന്നിയുള്ള അച്യുതാനന്ദന്റെ ഈ നിലപാടും കേന്ദ്ര നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചു. തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനിന്നാല്‍ പാര്‍ട്ടി തീരുമാനം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതാരെന്ന് കണ്ടുപിടിക്കണമെന്ന വി എസിന്റെ ആവശ്യം പരിഗണിക്കാതെ മാര്‍ഗമില്ലെന്ന അവസ്ഥ വന്നപ്പോഴാണ് എസ് ആര്‍ പി രംഗത്ത് എത്തിയത്. എന്നാല്‍ ഇതിനേക്കാളേറെ പാര്‍ട്ടിക്ക് തലവേദനയാകുന്നത് ഓരോ അച്ചടക്ക നടപടിയിലൂടെയും വി എസ് അച്യുതാനന്ദന്‍ മഹത്വവത്ക്കരിക്കപ്പെടുന്നതാണ്. സ്വയം രക്തസാക്ഷി പരിവേഷമണിയുന്ന അച്യുതാനന്ദനെ അങ്ങനെയൊരു 'രക്തസാക്ഷി'യാക്കാന്‍ പാര്‍ട്ടി ഉദ്ദ്യേശിക്കുന്നില്ലെന്നര്‍ത്ഥം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ